അർദ്ധ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്കു വിടണമെന്ന ആവശ്യം ശക്തമായി തുടരുമ്പോൾ പൊലീസ് സേനയിലെ താഴ്ന്ന വിഭാഗം തസ്തികകളിലേക്കുള്ള നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനുള്ള ആലോചന അങ്ങേയറ്റം ദുരുപദിഷ്ടമാണെന്നേ പറയാനാവൂ. പൊലീസ് തലപ്പത്ത് ഇതിനായുള്ള നീക്കങ്ങൾ വളരെ സജീവമാണെന്നാണ് റിപ്പോർട്ടുകളിൽ നിന്നു മനസിലാകുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ഉന്നത പൊലീസ് ഓഫീസർമാരുടെ പ്രത്യേക യോഗം ഇതേപ്പറ്റി ചർച്ച ചെയ്യുകയും നിർദ്ദേശം സർക്കാരിനു മുന്നിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങാൻ തീരുമാനിക്കുകയും ചെയ്തെന്നാണ് വിവരം. അയൽസംസ്ഥാനമായ തമിഴ്നാട്ടിലും മറ്റു ചില സംസ്ഥാനങ്ങളിലും പൊലീസ് നിയമനത്തിനായി പ്രത്യേകം ബോർഡുകൾ പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത സംവിധാനം ഇവിടെയും കൊണ്ടുവരാൻ ഇവിടത്തെ പൊലീസ് ഉന്നതന്മാർ കരുനീക്കം തുടങ്ങിയിട്ടുള്ളത്. വർഷങ്ങൾക്ക് മുൻപ് ഇവിടെയും പൊലീസ് നിയമനങ്ങൾ ഡിപ്പാർട്ടുമെന്റിനു കീഴിലാണ് നടന്നിരുന്നത്. ഉന്നത ഓഫീസർമാരുടെ ബന്ധുക്കളും ചാർച്ചക്കാരും മാത്രമല്ല സിൽബന്തികളും അടുക്കളക്കാരനും വരെ ആ നിലയിൽ പൊലീസിൽ കയറി യൂണിഫോം അണിഞ്ഞു നടന്നിരുന്നത് മറക്കാറായിട്ടില്ല. അഴിമതിയും ശുപാർശയും കൊണ്ട് പൊറുതിമുട്ടിയ ഘട്ടത്തിലാണ് നിയമനം പി.എസ്.സിക്കു വിടാൻ സർക്കാർ തയ്യാറായത്. വളരെ ധീരമായ നടപടിയായി സമൂഹം അതിനെ വാഴ്ത്തുകയും ചെയ്തു. കുറച്ചു കാലതാമസം സംഭവിക്കുന്നുണ്ടെന്നതൊഴിച്ചാൽ വലിയ ആക്ഷേപങ്ങളൊന്നും കൂടാതെ പൊലീസ് നിയമനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈയിടെയുണ്ടായ ചില ക്രമക്കേടുകളും കള്ളക്കളിയും പൊലീസ് സേനാ റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിശ്വാസ്യത തകരാൻ ഇടയാക്കിയെന്നത് സത്യമാണ്. എന്നിരുന്നാലും പി.എസ്.സിയുടെ വിശ്വാസ്യതയിലും സത്യസന്ധതയിലും ജനങ്ങൾക്ക് ഇപ്പോഴും പൊതുവേ വിശ്വാസമാണുള്ളത്. നിയമന പ്രക്രിയയിൽ ചട്ടങ്ങളും നിയമവും കൃത്യമായി പാലിക്കപ്പെടുന്നതു കൊണ്ടാണിത്. ആക്ഷേപങ്ങളും പരാതികളും ഇല്ലെന്നല്ല. എന്നാലും ചട്ടവിരുദ്ധമായതൊന്നും പി.എസ്.സിയിൽ നടക്കുകയില്ലെന്ന പൊതുബോധമാണ് ഈ ഭരണഘടനാ സ്ഥാപനത്തിന്റെ കൈമുതൽ.
വർഷം ശരാശരി എണ്ണായിരത്തോളം പൊലീസ് നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കാറുള്ളത്. സബ് ഇൻസ്പെക്ടർ വരെയുള്ള താഴേത്തല റിക്രൂട്ട്മെന്റാണ് പി.എസ്.സി മുഖേന നടത്തുന്നത്. ഈ നിയമനങ്ങൾ പി.എസ്.സിയിൽ നിന്ന് എടുത്തുമാറ്റി പൊലീസ് റിക്രൂട്ട്മെന്റ് ബോർഡിനെ ഏല്പിക്കണമെന്ന വാദത്തിനു പിന്നിലെ താത്പര്യം മനസിലാക്കാൻ വിഷമമാണ്. കാലതാമസമാണ് പ്രശ്നമെങ്കിൽ അതു മറികടക്കാനുള്ള വഴി കണ്ടെത്തിയാൽ പോരേ? ബോർഡ് രൂപീകരിച്ചു നിയമനം നടത്തുമ്പോൾ സംഭവിക്കാവുന്ന സുതാര്യമല്ലാത്ത ഇടപെടലുകളും ശുപാർശകളുമൊക്കെ വലിയ കുംഭകോണമായി മാറിക്കൂടെന്നില്ല. കേരളത്തിലെന്നല്ല എവിടെയും അതാണ് അനുഭവം. അറിഞ്ഞുകൊണ്ട് സർക്കാർ ഈ വയ്യാവേലി വലിച്ചു തലയിൽ കയറ്റരുത്. പൊലീസ് ഏമാന്മാർക്ക് ഇഷ്ടക്കാരെയും ചാർച്ചക്കാരെയും സഹായിക്കാനുള്ള വേദിയായി റിക്രൂട്ട്മെന്റ് ബോർഡ് മാറുമെന്നതിന് തെളിവുതേടി മറ്റെങ്ങും പോകേണ്ടതില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കൊണ്ട് സാധാരണ ഉദ്യോഗാർത്ഥികൾക്ക് എന്തു ഗുണമുണ്ടായി എന്നു നോക്കിയാൽ മതി. ചട്ടവും നിയമവുമൊക്കെ മറികടന്നും അവിടെ നിയമനങ്ങൾ സാദ്ധ്യമാകുമെന്നതിന് ഇപ്പോൾ നടന്നുവരുന്ന ഗ്രേഡ് -2 - എൽ.ഡി ക്ളാർക്ക് നിയമനം മാത്രം മതി തെളിവ്. പ്രസിദ്ധീകരിക്കപ്പെട്ട വിജ്ഞാപനം പോലും മറികടന്നാണ് ഈ തസ്തികയിൽ നിയമനത്തിനൊരുങ്ങുന്നത്.
സർക്കാർ നിയന്ത്രണത്തിലുള്ള കൂടുതൽ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിയെ ഏല്പിക്കണമെന്ന മുറവിളി ശക്തിപ്പെടുമ്പോഴാണ് പൊലീസ് സേനാംഗങ്ങളുടെ റിക്രൂട്ട്മെന്റിനായി പ്രത്യേക ബോർഡിനു വേണ്ടിയുള്ള ശുപാർശ. എസ്.എഫ്.ഐ നേതാക്കൾ എഴുത്തുപരീക്ഷയിൽ കള്ളക്കളി കാണിച്ചതിനെത്തുടർന്ന് പി.എസ്.സിയും പ്രതിക്കൂട്ടിലായെന്നത് നേരാണ്. അതുകൊണ്ട് പി.എസ്.സിയുടെ പ്രാധാന്യമോ അസ്തിത്വമോ ഒട്ടും ഇല്ലാതാകുന്നില്ല. ക്രമക്കേടുണ്ടായ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ നടന്ന റിക്രൂട്ട്മെന്റ് നടപടികൾ നിറുത്തിവയ്ക്കേണ്ടിവന്നു. എട്ട് ബറ്റാലിയനുകളിലേക്കാണ് നിയമനം നടക്കേണ്ടിയിരുന്നത്. കുബുദ്ധികളായ ഏതാനും പേർ കാണിച്ച കൃത്രിമം നൂറുകണക്കിന് യുവാക്കളുടെ പ്രതീക്ഷകളാണ് തകർത്തത്. തെറ്റുകാരെ കണ്ടുപിടിച്ച് പുറത്താക്കിക്കഴിഞ്ഞ സ്ഥിതിക്ക് റാങ്ക് പട്ടികയിൽ അർഹരായവരെ നിയമിക്കുകയാണു വേണ്ടത്.