തിരുവനന്തപുരം : കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പരസ്യങ്ങൾക്ക് 16.28 കോടി ചെലവിട്ടതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. കെ.എസ്.എഫ്.ഇയിൽ നിന്ന് 4.27 കോടിയും കിഫ്ബിയിൽ നിന്ന് 12.01 കോടിയുമാണ് ചെലവിട്ടതെന്ന് പി.കെ. ബഷീറിനെ മന്ത്രി അറിയിച്ചു. പ്രവാസി ചിട്ടിയിൽ 11,278 പേർ ചേർന്നിട്ടുണ്ട്. ഇതിലൂടെ ലഭിച്ച തുകയിൽ 61.32 കോടി കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ചു. സെപ്‌തംബർ 26 മുതൽ യു.എൻ ഉപരോധത്തിലുള്ള രാജ്യങ്ങളൊഴികെ മറ്റെല്ലായിടങ്ങളിലും പ്രവാസി ചിട്ടി ആരംഭിച്ചെന്നും കെ.സി. ജോസഫിനെ മന്ത്രി അറിയിച്ചു.
മാർച്ച് 31ന് 1848.71 കോടി രൂപയുടെ ബില്ലുകൾ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയിരുന്നെന്ന് എ.പി. അനിൽകുമാറിനെ മന്ത്രി അറിയിച്ചു. അഞ്ചു വർഷം കഴിയുമ്പോൾ കിഫ്ബി മസാല ബോണ്ടിന് 3195.23 കോടി രൂപ തിരിച്ചടയ്‌ക്കണം. 2150 കോടിയാണ് ബോണ്ടിലൂടെ സമാഹരിച്ചത്. കിഫ്ബി പദ്ധതികളുടെ വിശദ പരിശോധനയിൽ 3402.9 കോടിയുടെ കുറവ് അടങ്കലിൽ വന്നിട്ടുണ്ടെന്നും എൻ. ഷംസുദ്ദീനെ മന്ത്രി അറിയിച്ചു.