1

പൂവാർ: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിലും കാറ്റിലും പൂവാർ മേഖലയിൽ വ്യാപക കൃഷിനാശം. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറുകയും കുളങ്ങൾ നിറഞ്ഞൊഴുകുകയും ചെയ്തു. നൂറ് കണക്കിന് വാഴകൾ ഒടിഞ്ഞ് വീണു. കുറച്ച് നാളുകൾക്ക് മുമ്പുണ്ടായ മഴയിലും കാറ്റിലും സംഭവിച്ച കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷകൾ കൃഷി ഓഫീസർക്ക് സമർപ്പിച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും നാളിതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രദേശത്തെ കർഷകർ പറയുന്നു. പൂവാർ പഞ്ചായത്തിലെ താമരക്കുളം കരകവിഞ്ഞൊഴുകുകയാണ്. ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി മത്സ്യകൃഞ്ഞുങ്ങൾ നിക്ഷേപിച്ച് പരിപാലനം പുരോഗമിക്കുന്നതിനിടയിലാണ് കുളം കവിഞ്ഞൊഴുകിയത്. വ്യാപകമായി മീനുകൾ ഒഴുക്കിൽപ്പെട്ട് നഷ്ടപ്പെട്ടതായി കർഷകൻ സജീവ് കുമാർ പറയുന്നു. നെയ്യാറിലേക്ക് വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങൾ ബോട്ട് സർവീസ് നടത്തുന്നവർ അടച്ചുവെച്ചിരിക്കുന്നതും ഇത്തരം വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെടുന്നു. താമരക്കുളത്തിന് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈൻ അപകടകരമാംവണ്ണം തുടരുകയാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഏതൊരു സുരക്ഷാ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

മഴയത്ത് പൂവാറിലും പരിസരപ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി. റോഡ് വശത്ത് ഓട ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. പമ്പ് ഉപയോഗിച്ച് വീടുകളിൽ കയറിയ വെള്ളം വറ്റിക്കുന്നതിനും, റോഡിലും മറ്റും കെട്ടികിടക്കുന്ന വെള്ളം ജെ.സി.ബി ഉപയോഗിച്ച് മണൽ നീക്കി കടലിലേക്ക് ഒഴുക്കിവിടുന്നതിനുമുള്ള നടപടികൾക്കുമായി എം.വിൻസെന്റ് എം.എൽ.എ സ്ഥലത്തെത്തിയത് പ്രദേശവാസികൾക്ക് ആശ്വാസമായി. പൂവാർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് വെള്ളം പമ്പ് ചെയ്ത് മാറ്റിയത്. അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിന് നെയ്യാറ്റിൻകര തഹസിൽദാർക്കും വില്ലേജ് ഉദ്യോഗസ്ഥർക്കും എം.എൽ.എ നിർദ്ദേശം നൽകി. കടലിൽ പോകരുതെന്ന നിർദ്ദേശമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. കടൽക്ഷോഭം നിലനിൽക്കുന്നതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റേണ്ടതും അത്യാവശ്യമാണ്.