flood

തിരുവനന്തപുരം: 2018 ലെ പ്രളയത്തിൽ തകർന്ന വീടുകൾക്ക് ധനസഹായത്തിനുള്ള അപ്പീലുകൾ ഇനി പരിഗണിക്കാനാവില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ജൂൺ 30 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് 4,24,912 വീടുകൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചു. ഇതിൽ 4,12,768 വീടുകൾക്ക് സഹായം നൽകി. ബാക്കി 12,144 വീടുകൾക്ക് രേഖകളുടെ അഭാവവും കൃത്യതയില്ലായ്മയും കോടതി കേസുകളും കാരണമാണ് സഹായം നൽകാനാവാത്തത്.

പ്രളയം കഴിഞ്ഞ് മാസങ്ങൾക്കുശേഷം വീടുകൾക്ക് തകരാർ സംഭവിച്ചതിന്റെ കാരണം വ്യക്തമല്ല. ഈ വർഷത്ത പ്രളയത്തിൽ തകർന്ന വീടുകളുടെ കണക്ക് ശേഖരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. കണക്കെടുപ്പു കഴിഞ്ഞ് മാസങ്ങൾക്കു ശേഷം നിരവധി വീടുകൾക്ക് തകരാറുണ്ടായിട്ടുണ്ടെന്ന് സബ്‌മിഷൻ അവതരിപ്പിച്ച സജിചെറിയാൻ പറഞ്ഞു. രോഗികൾക്കും കിടപ്പിലായവർക്കും അപ്പീൽ നൽകാനായിട്ടില്ല. പുറമ്പോക്കിലെ വീട് തകർന്നവർക്കും നഷ്ടപരിഹാരം ലഭിച്ചില്ല. ചെങ്ങന്നൂരിൽ മാത്രം ആയിരം അപേക്ഷയെങ്കിലും തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. ഭവനനിർമ്മാണത്തിന് 50 സെന്റ് സ്ഥലം റവന്യൂവകുപ്പിന് കൈമാറിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും സജി ചെറിയാൻ പറഞ്ഞു.