
തിരുവനന്തപുരം: അരുവിക്കര ഡാമിൽ അടിഞ്ഞുകൂടിയ കളിമണ്ണും എക്കലും നീക്കി ഡാമിന്റെ സംഭരണശേഷി കൂട്ടുമെന്നും ഇതിനായി പാലക്കാട് മംഗലം ഡാമിൽ നടപ്പാക്കിയ മാതൃകയിൽ കർമ്മപദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ. കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ജല അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള ഡാമിന്റെ സംഭരണ ശേഷി രണ്ട് മില്യൺ ക്യൂബിക് മീറ്റർ ആയിരുന്നു. എക്കൽ മണ്ണ് നിക്ഷേപത്തെത്തുടർന്ന് സംഭരണശേഷി പകുതിയിലധികം കുറഞ്ഞു. നിലവിൽ അരുവിക്കരയിലെ മൂന്നും വെള്ളയമ്പലത്തെയും നെടുമങ്ങാട്ടെയും ഓരോ ജല ശുദ്ധീകരണ ശാലയിലേക്കും അരുവിക്കര റിസർവോയറിൽ നിന്നു നേരിട്ടാണ് വെള്ളം സ്വീകരിക്കുന്നത്. നാലു ദിവസത്തേക്കുള്ള ജലം മാത്രമേ ഇപ്പോൾ ഡാം റിസർവോയറിൽ ശേഖരിക്കാനാവുന്നുള്ളു. അരുവിക്കര ഡാമിലെ ചെളിയും മണലും നീക്കം ചെയ്താൽ 8 മുതൽ 10 ദിവസം വരേക്കുള്ള ജലം സംഭരിക്കാനാവും.
അരുവിക്കര റിസർവോയറിലെ മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനായി റിസർവോയറിന് ചുറ്റും സംരക്ഷണ വേലി സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ട ടെൻഡർ പുരോഗമിക്കുകയാണ്. സുരക്ഷാ കാമറകളും സ്ഥാപിക്കുന്നുണ്ടെന്ന് കെ.എസ്. ശബരീനാഥന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. അരുവിക്കര ഡാമിന്റെ 70 ശതമാനവും ജൈവ, അജൈവ മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും ഡാം സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.
4 കോടിയുടെ പദ്ധതി വൈകി
48 ഹെക്ടർ ജലവ്യാപന പ്രദേശമുള്ള അരുവിക്കര ഡാമിന്റെ ഏറിയ ഭാഗവും എക്കൽ, മണൽ നിക്ഷേപം വഴി കരഭൂമിയായി മാറ്റപ്പെട്ടിട്ടുണ്ട്. 5 ഹെക്ടറിലെ മണ്ണും ചെളിയും നീക്കാൻ നാലു കോടിയുടെ പദ്ധതിക്ക് 2017ൽ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ കളിമണ്ണ് വേർതിരിക്കുന്ന യന്ത്റസാമഗ്രികൾ വിലപിടിപ്പുള്ളതിനാൽ 5 ഹെക്ടറിൽ മാത്രമായി ഇത് പ്രായോഗികമല്ലെന്നും മുഴുവൻ സ്ഥലത്തെയും ചെളി നീക്കണമെന്നും സാങ്കേതിക സമിതി നിർദ്ദേശിച്ചു. ഇക്കാര്യം സർക്കാർ പരിഗണനയിലാണ്. ഇത് വൈകുന്ന സാഹചര്യത്തിലാണ് ജലസേചനവകുപ്പിലെ മംഗലം ഡാമിലെ മാതൃകയിൽ അരുവിക്കര ഡാമിലെയും ചെളിയും മണ്ണും നീക്കുന്നത്. മണലും കളിമണ്ണും വിറ്റ് ഇതിനുള്ള ചെലവ് കണ്ടെത്താനാവും.