തിരുവനന്തപുരം: ജനുവരിക്കു ശേഷം 223 ക്വാറികൾക്ക് സംസ്ഥാനത്ത് അനുമതി നൽകിയതായി വ്യവസായമന്ത്രി ഇ.പി.ജയരാജൻ നിയമസഭയെ അറിയിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്വാറികൾ അനുവദിച്ചത് - 47. തിരുവനന്തപുരത്ത് 15, കൊല്ലത്ത് 12, പത്തനംതിട്ടയിൽ 16, കോട്ടയത്ത് ഒൻപത്, ഇടുക്കിയിൽ രണ്ട്, തശൂരിൽ ആറ്, പാലക്കാട്ട് 35, മലപ്പുറത്ത് 32, കോഴിക്കോട്ട് 23, വയനാട്ടിൽ ഒന്ന്, കണ്ണൂരിൽ 23, കാസർകോട്ട് രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കെന്നും എൻ. ഷംസുദ്ദീനെ മന്ത്രി അറിയിച്ചു.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അഗ്‌നിരക്ഷാ സേന ആധുനികവത്കരിക്കാൻ 70 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്റി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ഈ തുക ഉപയോഗിച്ച് ആധുനിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് സിവിൽ ഡിഫൻസ് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും എ.പി അനിൽകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്റി പറഞ്ഞു.
കൂടുതൽ അഗ്‌നിസുരക്ഷാ സ്റ്റേഷനുകൾ ആരംഭിക്കാനും രണ്ടു പരിശീലന കേന്ദ്രങ്ങൾ കൂടി തുടങ്ങാനും റീബിൽഡ് കേരള പദ്ധതിയിൽ ദുരന്ത നിവാരണ അതോറിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. വകുപ്പിനെ ശാക്തീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി വിവിധ ഘട്ടങ്ങളിൽ 15 കോടിയോളം രൂപ നൽകി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രാദേശിക ആസ്ഥാനം നിർമ്മിക്കാൻ കൊച്ചിയിൽ അഞ്ച് ഏക്കർ സ്ഥലം അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാർച്ച് വരെ വൈദ്യുതി ബോർഡിന്റെ കടബാദ്ധ്യത 7889 കോടിയാണെന്ന് എൻ. വിജയൻപിള്ളയെ മന്ത്രി എം.എം.മണി അറിയിച്ചു. 2011 ലെ ബാദ്ധ്യത 1384 കോടിയും 2016 ലേത് 5925 കോടിയുമാണ്.
നഷ്ടത്തിലായിരുന്ന ആറ് പൊതുമേഖലാ സ്ഥാപനങ്ങൾ ഇടതു സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ലാഭത്തിലായെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം, ടി.സി.സി, ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള, കെ.എസ്.ഐ.ഇ, കെൽട്രോൺ കമ്പോണന്റ് കോംപ്ലക്‌സ് എന്നിവയാണ് ലാഭത്തിലായത്. മന്ത്രി അറിയിച്ചു. ആഗോള നിക്ഷേപക സംഗമം ജനുവരി 9,10 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്നും എ.എൻ.ഷംസീറിനെ മന്ത്രി അറിയിച്ചു.