തിരുവനന്തപുരം: തേവര പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നതും ഒഴുക്കിവിടുന്നതും പൂർണമായും നിരോധിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ നിയമസഭയിൽ അറിയിച്ചു. രണ്ടാഴ്ചയ്ക്കുളളിൽ നിരോധന ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജോൺ ഫെർണാണ്ടസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ തേവര പേരണ്ടൂർ കനാലിന്റെയും മറ്റ് ഡ്രെയ്‌നേജ്
സംവിധാനങ്ങളുടെയും ശുചീകരണം, പരിപാലനം, സംരക്ഷണം, വികസനം എന്നിവ നിരീക്ഷിക്കാൻ ജില്ലാ കളക്ടർ കൺവീനറായി ഉന്നതതല സമിതി രൂപീകരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കെട്ട് ഒഴിവാക്കാൻ കൊച്ചി നഗരത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ടി.ജെ.വിനോദ് ആവശ്യപ്പെട്ടു. വെള്ളക്കെട്ടിന് നഗരസഭയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും അതിശക്തമായ മഴയാണ് ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് കൊച്ചിയിൽ പെയ്തതെന്നും വിനോദ് പറഞ്ഞു.
മന്ത്രി പറഞ്ഞ നടപടികൾ
• നഗരസഭാ പരിധിയിലെ പൊതുമരാമത്ത് റോഡുകളുടെ സമീപമുള്ള ഡ്രയിനേജുകളും റയിൽവേയുടെ 23 കൾവർട്ടുകളും വൃത്തിയാക്കുന്നത് കൊച്ചി നഗരസഭയാണ്. പല കൾവർട്ടുകളും ചെറുതായതിനാൽ നീരൊഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കമുണ്ടാകുന്നു.
• ശുചീകരണത്തിന്റെ അപര്യാപ്തതയും ശുചീ സമയബന്ധിതമായും ചിട്ടയായും നടത്താത്തതും വെള്ളക്കെട്ട് രൂക്ഷമാക്കുകയാണ്.
• പേരണ്ടൂർ കനാലിനു കുറുകെയുള്ള വാട്ടർ അതോറിറ്റി പൈപ്പുകളും നീരൊഴുക്കിന് തടസമാണ്. പൈപ്പുകൾ ഉയർത്തിയാലേ അമൃത് പദ്ധതിയിലെ പുനഃരുദ്ധാരണം നടത്താനാവൂ.
• വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അമൃത് പദ്ധതിയിൽ 16 കോടിയുടെ പ്രവൃത്തികൾ നടക്കുന്നുണ്ട്. 53 കിലോമീറ്റർ ഡ്രെയിനേജ് വർക്കുകൾ 55.6 കോടി രൂപ ചെലവിൽ പുരോഗമിക്കുന്നു.
• ചിലവന്നൂർ ഭാഗത്ത് അമൃത് പദ്ധതിയിൽ 94 ലക്ഷം രൂപയുടെ പണികളും നടക്കുന്നുണ്ട്.
• നഗരത്തിലെ പ്രധാന കനാലുകളും തോടുകളുമെല്ലാം ചെന്നുചേരുന്നത് തേവര പേരണ്ടൂർ കനാലിലേയ്ക്കും അതുവഴി വേമ്പനാട് കായലിലേയ്ക്കുമാണ്. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ചില പ്രദേശങ്ങളിലെങ്കിലും സ്ഥിരം പമ്പിംഗ് സംവിധാനം വേണ്ടിവരും.
• തിരുവനന്തപുരത്തെ ഓപ്പറേഷൻ അനന്ത മാതൃകയിൽ കൊച്ചിയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പദ്ധതി തയ്യാറാക്കുന്നുണ്ട്.