kerala-legislative-assemb

മന്ത്രി കെ.ടി. ജലീലിനെ ആര് അടിച്ചാലും ഇരിക്കപ്പൊറുതിയില്ലാതാകുന്നത് ലീഗിനാണ് എന്നതാണ് ജലീൽ - ലീഗ് സമവാക്യത്തിന്റെ ഒരിരിപ്പുവശം. പൂ ചോദിച്ചാൽ പൂങ്കാവനം തന്നെ കൊടുക്കുന്ന മന്ത്രിസഭ കേരളത്തിലുണ്ടായെന്ന് കുട്ടികൾ തിരിച്ചറിഞ്ഞുവെന്ന് എം.ജി സർവകലാശാലയിലെ മാർക്ക്ദാന ആരോപണത്തിന്മേൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

കേരള സർവകലാശാലാ അദാലത്തിൽ അന്യായമായി തോല്പിക്കപ്പെട്ട കുട്ടി, വിദഗ്ദ്ധരടങ്ങിയ സമിതിയുടെ മൂല്യനിർണയത്തിലൂടെ 93 ശതമാനത്തിന് മേൽ മാർക്കുമായി ബി.ടെക് പാസായ സന്തോഷം പങ്കുവയ്ക്കാനായിരുന്നു മന്ത്രിക്ക് താത്പര്യം. അവന്റെ കണ്ണിൽ പ്രകാശമാണോ അഗ്നിയാണോ എന്ന് തിട്ടപ്പെടുത്താനായില്ലെന്നദ്ദേഹം പറഞ്ഞു. അധർമ്മമുള്ളിടത്തെല്ലാം ധർമ്മസംസ്ഥാപനത്തിനായി അദാലത്തുകളിലൂടെ മന്ത്രിയും അദ്ദേഹത്തിന്റെ ഡ്യൂപ്പും (മന്ത്രിയുടെ പി.എസിനുള്ള സതീശന്റെ വിശേഷണമാണ് ഡ്യൂപ്പ്) അവതരിക്കുകയാണെന്ന്, മന്ത്രിയുടെ നീതിബോധത്തെ പക്ഷേ സതീശൻ പുച്ഛിച്ചുതള്ളി. ആളിന്റെ മുഖത്തെ പ്രകാശവും അഗ്നിയും നോക്കി മാർക്ക് തീരുമാനിക്കാനാവുമോയെന്ന് ചോദിച്ച് പിന്നെയും മുറിവിലദ്ദേഹം മുളകരച്ചുതേച്ചുകൊടുത്തു.

പൂ ചോദിച്ചപ്പോൾ താനൊരു പൂങ്കാവനം കൊടുത്തെന്ന് പറയുന്നവർ 2012ൽ കാലിക്കറ്റ് സർവകലാശാലയിൽ ഒരു പൂ ചോദിച്ചവർക്ക് ലോകത്തെ മുഴുവൻ പൂങ്കാവനങ്ങളും കൊടുത്തെന്ന് അന്നത്തെ മോഡറേഷൻ തീരുമാനം ഓർമ്മിപ്പിച്ച് ജലീൽ തിരിച്ചടിച്ചത് ലീഗിനെ പ്രകോപിപ്പിക്കാനാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഹൈസ്കൂൾമാഷിനെ വി.സിയാക്കാൻ നോക്കിയവരാണ് ലീഗുകാരെന്നും ചാക്കീരി പാസ് നടപ്പാക്കിയത് ലീഗുകാരാണെന്നുമെല്ലാം ജലീൽ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു.

എന്തോ പറയാനോങ്ങിയ കെ.എം. ഷാജിയെ ജലീൽ അടിച്ചിരുത്താൻ നോക്കി. കോളേജിന്റെ പടി കയറാത്ത ഷാജിക്ക് ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി പറയാനെന്തവകാശമെന്നാണ് ചോദ്യം. അതിന് മറുപടി നൽകിയത് വാക്കൗട്ട് പ്രസംഗത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞാണ്. ജലീലും ഷാജിയും ഒരേ സ്ഥാപനത്തിൽ പഠിച്ചുവന്നവരാകയാൽ അതിന്റേതായ പ്രത്യേകത ഇരുവരിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരേ കലാലയമെന്നാണോ, ഒരേ രാഷ്ട്രീയക്കളരിയെന്നാണോ കവി ഉദ്ദേശിച്ചതെന്നറിയില്ല.

കാഴ്ചയ്ക്ക് കുലീനൻ, ആദർശത്തിന് കൈയും കാലും വച്ചതുപോലുള്ള സമീപനം, പക്ഷേ തരം കിട്ടിയാൽ നിയമവിരുദ്ധപ്രവർത്തനം ചെയ്യാനൊരു മടിയുമില്ല- മന്ത്രി ജലീലിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒറ്റനോട്ടത്തിൽ വിലയിരുത്തി.

മലബാർ ദേവസ്വംബോർഡ് ഭരണസമിതിയിൽ കാലാവധി തീർന്ന അംഗത്തിന് തുടർനിയമനം നൽകാനനുവദിക്കുന്ന ഭേദഗതിബില്ല് ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിലെത്തി ബോർഡ് പ്രസിഡന്റായയാൾക്ക് രാഷ്ട്രീയാഭയം നൽകാനാണെന്നാണ് കെ.എസ്. ശബരീനാഥന്റെ നിഗമനം. മലബാറിലെ സി.പി.എം രാഷ്ട്രീയം ബി.ജെ.പി രാഷ്ട്രീയത്തോടടുക്കുന്നതിന്റെ സൂചനയായി അദ്ദേഹമിതിനെ വ്യാഖ്യാനിച്ചു. ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ സഹവർത്തിത്വമാണ് ബില്ലിന് പിന്നിലെന്നായി വി.എസ്. ശിവകുമാർ. രണ്ട് വർഷമായി തുടർന്നയാൾക്ക് രണ്ട് വർഷം കൂടി കൊടുക്കാനുള്ള ചെറിയൊരു വ്യവസ്ഥയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബില്ലിനെ നിസാരവത്കരിച്ചു. ഒ.കെ. വാസുവിന്റെ നിയമനത്തിനുള്ള ബില്ല് നിയമമാകുമ്പോൾ വാസുആക്ടെന്ന് പേരിട്ടാൽ പോരേയെന്നായിരുന്നു അപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ 'നിഷ്കളങ്കസംശയം'. ഈ വ്യവസ്ഥ തിരുവിതാംകൂർ ദേവസ്വംബോർഡിലേക്ക് കൂടി ബാധകമാക്കി പത്മകുമാറിനും തുടർഭരണം നൽകിക്കൂടേയെന്ന് തിരുവഞ്ചൂർ 'ശബരിമലയുടെ വെളിച്ചത്തിൽ' ചോദിച്ചെങ്കിലും മന്ത്രി ആ ചൂണ്ടയിൽ കൊത്തിയില്ല. പൊലീസ് ഭേദഗതി ബിൽ ചർച്ചയിൽ മാവോയിസ്റ്റുകൾ കേറിവന്നതോടെ എല്ലാം മറന്ന തിരുവഞ്ചൂർ 40 മിനിട്ടോളം പ്രസംഗിച്ചു. ചോദിച്ചവർക്കെല്ലാം വഴങ്ങി. സ്പീക്കർ സമയത്തിന്റെ വില ഓർമ്മിപ്പിച്ചപ്പോൾ നിസഹായനാകാനേ തിരുവഞ്ചൂരിന് സാധിച്ചുള്ളൂ. 'ഞാൻ ചാടിക്കഴിഞ്ഞു, എന്നെയൊന്ന് ലാൻഡ് ചെയ്യാനനുവദിക്കൂ...'