തിരുവനന്തപുരം: കടൽത്തീരത്തിന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന നാല് കുടുംബങ്ങളെ ഒരു ഗ്രൂപ്പായി പരിഗണിച്ച് പുനരധിവാസത്തിന് 40 ലക്ഷം രൂപ അനുവദിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിയമസഭയിൽ പറഞ്ഞു. ഇത്തരത്തിൽ ഒരുമിച്ച് താമസിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ സന്നദ്ധരാകുമോയെന്നത് പഠിക്കേണ്ടതുണ്ടെന്നും കെ. ദാസന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കേരള തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18685 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 2450 കോടിയുടെ പദ്ധതി തയ്യാറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്ന് 1398 കോടിയും ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് 1052 കോടി രൂപയും കണ്ടെത്തി മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ഒരു കുടുംബത്തിന് ഭൂമിക്കും ഭവന നിർമ്മാണത്തിനുമായി 10 ലക്ഷം രൂപ ധനസഹായം നൽകുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. കാരോട്, ബീമാപള്ളി എന്നിവിടങ്ങളിലടക്കം 792 കുടുംബങ്ങളെക്കൂടി ഫ്ളാറ്റ് നിർമ്മിച്ച് പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.