തിരുവനന്തപുരം: മാർക്ക് ദാനം നടത്തിയ മന്ത്റി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം നിയമസഭയെ ഇന്നലെ പ്രക്ഷുബ്ധമാക്കി. എം.ജി സർവകലാശാലയിലേതടക്കം മാർക്ക് ദാനത്തിൽ മന്ത്റിയുടെ ഇടപെടൽ സഭാ നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശൻ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ടും നടത്തി.
മന്ത്റി സർവകലാശാലകളുടെ അക്കാഡമിക് രംഗത്ത് കൈകടത്തിയെന്ന് സതീശൻ പറഞ്ഞു. മൂല്യനിർണയ ക്യാമ്പുകളിലെത്താൻ മന്ത്റിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്താണ് അധികാരം. അദാലത്ത് തീരുമാനപ്രകാരമാണ് മാർക്ക് ദാനമെന്നാണ് സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുടെ ഉത്തരവ്. അക്കാഡമിക് കൗൺസിലോ പരീക്ഷാ ബോർഡോ തീരുമാനിക്കാതെ മോഡറേഷൻ നല്കാൻ ആർക്കാണ് അധികാരമെന്നും സതീശൻ ചോദിച്ചു.
അദാലത്തിൽ തീരുമാനമെടുത്ത യോഗങ്ങളിലൊന്നും തന്റെ പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ലെന്നു മന്ത്റി ജലീൽ പറഞ്ഞു. ആശംസാ പ്രസംഗം നടത്തുക മാത്രമാണ് ചെയ്തത്. എം.ജിയിൽ പോസ്റ്റ് മോഡറേഷൻ നൽകിയതിൽ സിൻഡിക്കേറ്റിനാണ് ഉത്തരവാദിത്വം. ലീഗ് അംഗം ആബിദ് ഹുസൈൻ തങ്ങൾ കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗമായിരുന്നപ്പോഴാണ് അവിടെ 20 മാർക്ക് മോഡറേഷൻ നല്കിയതെന്ന മന്ത്റിയുടെ പരാമർശത്തെ തുടർന്ന് മന്ത്റിയും ലീഗ് എം.എൽ.എമാരും തമ്മിൽ വാക്പോരുണ്ടായി.
''നിങ്ങൾ ഒരുപാടു കാര്യങ്ങൾ എനിക്കെതിരേ പറഞ്ഞിട്ടില്ലേ. എന്നിട്ടെന്തായി. ഹൈക്കോടതിയിൽ പോയല്ലോ. ഗവർണർക്ക് പരാതി നല്കിയല്ലോ. എന്നിട്ടെന്തായി. കോളേജിന്റെ പടി കയറാത്ത കെ.എം. ഷാജിക്ക് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് പറയാൻ എന്താണ് അധികാരം''- ജലീൽ ചോദിച്ചു. ഇതോടെ വാക്‌പോര് രൂക്ഷമായി. താൻ സിൻഡിക്കേറ്റ് അംഗമായിരുന്നപ്പോൾ മോഡറേഷൻ നല്കിയെന്നത് അടിസ്ഥാന രഹിതമാണെന്നും ഇക്കാര്യം മന്ത്റി തെളിയിച്ചാൽ രാജി വയ്ക്കാമെന്നും ആബിദ് ഹുസൈൻ പറഞ്ഞു.
മാർക്ക് ദാനം കൈയോടെ പിടികൂടിയപ്പോൾ അവസാനം അത് റദ്ദാക്കേണ്ട ഗതികേടാണ് മന്ത്രിക്കുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കട്ട മുതൽ തിരിച്ചുകൊടുത്തതു കൊണ്ട് കളവാകാതിരിക്കില്ല. എം.ജിയിൽ സൂപ്പർ വി.സിയാണ് മന്ത്റിയുടെ പ്രൈവറ്റ് സെക്രട്ടറി. ആരോപണം ഉയരുമ്പോൾ എന്തിനാണ് മന്ത്റി അസഹിഷ്ണുത കാട്ടുന്നതെന്നു ചെന്നിത്തല ചോദിച്ചു. ജലീൽ മന്ത്റിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നായിരുന്നു വാക്കൗട്ട്.