തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം 'കേരളാ ബാങ്ക് ' പിറക്കുന്നതിന് പിന്നാലെ, വനിതാ കൂട്ടായ്‌മയായ കുടുംബശ്രീയ്ക്കും ബാങ്കിംഗ് ലൈസൻസ് സ്വന്തമാക്കാൻ സുവർണാവസരം. സർക്കാർ മനസുവച്ചാൽ കുടുംബശ്രീയ്ക്ക് റിസർവ് ബാങ്കിൽ നിന്ന് സ്‌മോൾ ഫിനാൻസ് ബാങ്കിനുള്ള ലൈസൻസ് നേടാം.
കഴിഞ്ഞ സാമ്പത്തികവർഷം കുടുംബശ്രീ മൈക്രോഫിനാൻസ് പദ്ധതിയിൽ 1.03 ലക്ഷം അയൽക്കൂട്ടങ്ങൾക്കായി 4,132കോടി രൂപയുടെ ബാങ്ക് വായ്‌പ എടുത്തിരുന്നു. 12.5 ശതമാനം വരെയാണ് പലിശ. വിവിധ ക്ഷേമപദ്ധതികൾക്കായി കോടികളുടെ വായ്‌പ വേറെയുമുണ്ട്. മൈക്രോഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന, 200 കോടി രൂപ മൂലധനമുള്ള സ്ഥാപനങ്ങൾക്ക് ചെറുബാങ്ക് ലൈസൻസ് നൽകാൻ റിസർവ് ബാങ്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
43ലക്ഷം അംഗങ്ങളുള്ളതിനാൽ, സർക്കാരിന്റെ പിന്തുണയോടെ കുടുംബശ്രീയ്ക്ക് ബാങ്കിംഗ് ലൈസൻസ് നേടാൻ എളുപ്പമാണെന്ന് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മിനു ഏലിയാസ് പറഞ്ഞു. മൈക്രോഫിനാൻസ് രംഗത്ത് ഇരുപത് വർഷത്തെ പ്രവർത്തന പരിചയവും പദ്ധതികളുടെ നിർവഹണ പരിചയവും റിസർവ് ബാങ്ക് പരിഗണിക്കും. ബാങ്ക് വരുന്നതോടെ കുടുംബശ്രീയുടെ മുഖച്ഛായ മാറുമെന്നും അവർ പറഞ്ഞു.
2.91 ലക്ഷം അയൽക്കൂട്ടങ്ങളിലായി 43.93 ലക്ഷത്തിലേറെ സ്ത്രീകൾ കുടുംബശ്രീയുടെ ഭാഗമാണ്. അയൽക്കൂട്ടങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാൻ കഴിഞ്ഞവർഷം മാത്രം 52.59 കോടി രൂപയാണ് കുടുംബശ്രീ സബ്സിഡി നൽകിയത്. കുടുംബശ്രീ ബാങ്ക് വരുന്നതോടെ അയൽക്കൂട്ടങ്ങൾക്ക് വായ്പകൾക്കായി ബാങ്കുകളുടെ ഔദാര്യം കാക്കേണ്ട ഗതികേട് ഒഴിവാകും.
ബഡ്‌ജറ്ര് വിഹിതത്തിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങൾ കുടുംബശ്രീയ്ക്കായി പദ്ധതിവിഹിതം നീക്കിവയ്ക്കുന്നുണ്ട്. ഇത് 500 കോടി രൂപയാക്കി ഉയർത്താൻ പങ്കാളിത്ത സംയോജിത പദ്ധതി ആസൂത്രണം കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമോ സർക്കാർ വിഹിതമോ മാത്രം ചൂണ്ടിക്കാട്ടിയാലും കുടുംബശ്രീയ്ക്ക് സ്മോൾ ഫിനാൻസ് ബാങ്കിനായി അപേക്ഷിക്കാനാവും.
43ലക്ഷം സ്ത്രീകളെ അംഗങ്ങളാക്കാമെന്നതിനാൽ ഇൻഷ്വറൻസ്, നിക്ഷേപം, വായ്പാ രംഗങ്ങളിൽ കുടുംബശ്രീ ബാങ്കിന് മുന്നേറ്റമുണ്ടാക്കാനാവും. 2.29ലക്ഷം ഗ്രാമീണ അയൽക്കൂട്ടങ്ങളുള്ളതിനാൽ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തനം ശക്തമാക്കാനാവും.
കുടുംബശ്രീ ബാങ്ക് വന്നാൽ
പ്രവാസികളുടേത് അടക്കം നിക്ഷേപം സ്വീകരിക്കാം. അയൽക്കൂട്ടങ്ങൾക്കായി നിരവധി സമ്പാദ്യ പദ്ധതികൾ തുടങ്ങാം
അയൽക്കൂട്ടങ്ങൾക്ക് ചെറിയ പലിശയ്ക്ക് വായ്പ. വാഹനവായ്പ, വിദ്യാഭ്യാസവായ്പ, സ്കോളർഷിപ്പുകൾ എന്നിവയും നൽകാം
മൈക്രോഫിനാൻസ് പ്രവർത്തനം ബാങ്കാവുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാം.
അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനാവും.
കൃഷി, സ്വയംതൊഴിൽ, സംരംഭകത്വം എന്നിങ്ങനെ കുടുംബശ്രീ പദ്ധതികൾക്ക് എളുപ്പത്തിൽ പണം കണ്ടെത്താം.
മണിട്രാൻസ്ഫർ, ചെക്ക് ക്ലിയറൻസ്, ഫോറിൻ എക്സ്‌ചേഞ്ച്, മ്യൂച്ചൽഫണ്ട് സേവനങ്ങൾ.
പുരുഷസഹായ സംഘങ്ങൾക്കും വായ്പകൾ നൽകാനാവും.
3.67ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്കാണ് നിലവിൽ ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയുള്ളത്. ഇത് എല്ലാവർക്കും ലഭ്യമാക്കാനാവും.