വിതുര: പൊന്മുടി, ബോണക്കാട് വനമേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വ്യാപക നാശം. നദികളിലെ ജലനിരപ്പ് വർദ്ധിച്ചു. മലവെള്ളപ്പാച്ചിലിൽ നദീതീരങ്ങൾ വ്യാപകമായി ഇടിഞ്ഞു. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയതിനെ തുടർന്ന് വാഴ, പച്ചക്കറി കൃഷികൾ നശിച്ചു. വനത്തിനുള്ളിൽ മഴ തുടരുന്നതിനാൽ ആദിവാസി മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പൊന്മുടി റൂട്ടിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. റോഡിന് കുറുകെ മരം വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. മഴ ശമിക്കാത്തതിനാൽ പൊന്മുടി, ബോണക്കാട് നിവാസികൾ ആശങ്കയിലാണ്. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി തടസമുണ്ടായി. ഇന്നലെ പകൽ മഴയില്ലായിരുന്നെങ്കിലും വൈകിട്ടോടെ ശക്തമായ മഴ ആരംഭിച്ചു. പൊന്മുടിയിൽ സഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുകയാണ്. പൊന്മുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലകളിലേക്കുള്ള യാത്രയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പേപ്പാറ ഡാം തുറന്നു
പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്തും വനമേഖലയിലും കഴിഞ്ഞദിവസം പെയ്‌ത മഴയിൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇന്നലെ രാവിലെ ജലനിരപ്പ് 108 മീറ്റർ ഉയർന്നതോടെ ഡാമിലെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതം ഉയർത്തി. ഡാമിലേക്ക് ഇപ്പോഴും വനമേഖലയിൽ നിന്നു മലവെള്ളപ്പാച്ചിലുണ്ട്.