octo31c

ആ​റ്റിങ്ങൽ: കനത്തമഴയെത്തുടർന്ന് മണ്ണിടിച്ചിൽ ശക്തമായതോടെ ആ​റ്റിങ്ങൽ ടി.ബി. ജംഗ്ഷനിലെ രണ്ട് കുടുംബങ്ങൾ ആശങ്കയിലാണ്. ടി.ബി. ജംഗ്ഷൻ അമ്പാടിയിൽ റീജയുടെ വീടും ബീനയുടെ ആയിക്കോണത്തുവീടുമാണ് അപകടത്തിലായത്. റീജയുടെ വീടിന്റെ വശത്തെ മണ്ണിടിഞ്ഞ് താഴെയുള്ള ബീനയുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മറിഞ്ഞു. ബീനയുടെ വീടിന്റെ മു​റ്റംവരെ പൊട്ടിയടർന്ന നിലയിലാണ്. ഇന്നലെ പുലർച്ചെ 6.30ഓടെയാണ് റീജയുടെ വീടിന്റെ മതിലുൾപ്പെടെ ഇടിഞ്ഞുവീണത്. ഈ സമയം ബീന അടുക്കളയിലായിരുന്നു. ശബ്ദംകേട്ട് ഇവർ മക്കളെയും കൂട്ടി പുറത്തേക്ക് ഓടി. നിമിഷങ്ങൾക്കുള്ളിൽ അടുക്കളയ്ക്കുള്ളിലേയ്ക്ക് പാറയും മണ്ണും ഉൾപ്പെടെ വീഴുകയായിരുന്നു. വീട് സുരക്ഷിതമല്ലാതായതോടെ ഇവിടെ നിന്നും മാറണമെന്ന് നഗരസഭാധികൃതരും റവന്യൂഅധികൃതരും നിർദ്ദേശിച്ചു. അമ്പാടിയിൽ റീജയും രണ്ടുമക്കളും റീജയുടെ അമ്മയുമാണുള്ളത്. വീട് അപകട ഭീഷണിയിലായതോടെ എങ്ങോട്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ. ഇനിയും മണ്ണിടിച്ചിലുണ്ടായാൽ തങ്ങളുടെ വീട് പൂർണമായും തകരുമോ എന്നാണ് ബീനയുടെയും കുടുംബത്തിന്റെയും ആശങ്ക.