തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആദ്യ വിജ്ഞാപനം പി.എസ്.സി ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3 ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചെയർമാൻ എം.കെ.സക്കീർ ഔദ്യോഗിക പ്രഖ്യാപനം നടത്തും. വിജ്ഞാപനവും പരീക്ഷാ സിലബസും കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാവും. .
ഉദ്യോഗാർത്ഥികൾക്ക് കാലതാമസമില്ലാതെ പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനാണ് പരീക്ഷാ സിലബസ് മുൻകൂട്ടി പ്രസിദ്ധീകരിക്കുന്നത്. 2020 മാർച്ചിൽ പരീക്ഷയും നവംബർ ഒന്നിനകം നിയമനവും നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക പരീക്ഷയിൽ മലയാളത്തിൽ കൂടി ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദേശം പാലിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗത്തിലാണ് കെ.എ.എസ് വിജ്ഞാപനത്തിന് അന്തിമ രൂപം നൽകിയത്.
ബിരുദമാണ് യോഗ്യത. പ്രാഥമിക പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റ് മാത്രമായിരിക്കും. 100 മാർക്കിന്റെ രണ്ട് പരീക്ഷകൾ ഒ.എം.ആർ രീതിയിൽ നടത്തും. 100 മാർക്ക് വീതമുള്ള മൂന്ന് വിവരണാത്മക പരീക്ഷകളാണ് അന്തിമഘട്ടത്തിൽ. അഭിമുഖത്തിന്റെ 50 മാർക്ക് ഉൾപ്പെടെ ആകെ 350 മാർക്കിനാണ് റാങ്ക് നിർണയിക്കുക.