സൗദി അറേബ്യയിലെ അൽ-മൗവാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസിൽ ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്സുമാർക്കും രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ഡിപ്ലോമ നഴ്സുമാർക്കും അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം, യൂണിവേഴ്സിറ്റി വെരിഫിക്കേഷൻ, എംബസി അറ്റസ്റ്റേഷൻ എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43/45.
സംസ്‌കൃതകോളേജ് തുടർവിദ്യാഭ്യാസ ഉപകേന്ദ്രത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജ്യോതിഷം, സംസ്‌കൃതം, യോഗ, വാസ്തു, പെൻഡുലം, ജ്യോതിർഗണിതം കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 7012916709, 8547979706, 7561053549
മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, പട്ടികജാതിയിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപ്പെട്ടവർ- ഒ.ഇ.സി മാത്രം, (മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) എന്നിവർക്കായി മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്നു. കുടുംബ വാർഷിക വരുമാനത്തിന് വിധേയമായി ഗ്രാമപ്രേദേശങ്ങളിൽ 98,000 രൂപ, നഗരപ്രദേശങ്ങളിൽ 1,20,000 രൂപ ഉയർന്ന മാർക്ക് വാങ്ങി ആദ്യ ചാൻസിൽ തന്നെ സയൻസ് ഗ്രൂപ്പെടുത്ത് +2/തത്തുല്യ പരീക്ഷ B+-ൽ കുറയാതെ പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
www.ksdc.kerala.gov.in ൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് നവംബർ 20 രാത്രി 12 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ:0481-2564304, 9400309740.
ഓണം ഖാദിമേള: സ്വർണ സമ്മാനപദ്ധതി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
കേരള ഖാദിഗ്രാമവ്യവസായ ബോർഡ്, അംഗീകൃത ഖാദിസ്ഥാപനങ്ങളുമായി സഹകരിച്ച് സംഘടിപ്പിച്ച 2019 ഓണം ഖാദിമേള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് പവൻ ഇടുക്കിയിലെ ID104240 എന്ന നമ്പറിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് പവൻ പത്തനംതിട്ടയിലെ PT112191 എന്ന നമ്പറിനാണ്. സമ്മാനർഹർ കൂപ്പണുകളുമായി ഖാദി ബോർഡിന്റെ ജില്ലാ ഓഫീസിലെ ആസ്ഥാനത്തു ബന്ധപ്പെടുക.
കാര്യവട്ടത്ത് റഗുലർ ക്ലാസ് ഉണ്ടായിരിക്കും
കാര്യവട്ടം സർക്കാർ കോളേജിൽ ഇന്ന് (നവംബർ ഒന്ന്) മുതൽ റഗുലർ ക്ലാസ് ഉണ്ടായിരിക്കും. ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്ക് ടൈംടേബിൾ പ്രകാരമുളള മോഡൽ പരീക്ഷ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മിഷണറും എംപ്ലോയീസ് ഇൻഷ്വറൻസ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണൻ അഞ്ച്,12,19 തീയതികളിൽ കണ്ണൂർ ലേബർ കോടതിയിലും 26ന് തലശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 21,22 തീയതികളിൽ വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 29ന് കാസർകോട് ജില്ലാ ലേബർ ഓഫീസിലും ആറ്, ഏഴ്, എട്ട്, 13, 14, 15 തീയതികളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും വിചാരണ ചെയ്യും.
നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ ഡെപ്യൂട്ടേഷൻ നിയമനം
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം പ്രിൻസിപ്പൽ ബെഞ്ചിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ: 32300-68700. സർക്കാർ വകുപ്പുകളിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തത്തുല്യ തസ്തികയിലുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മേലാധികാരിയുടെ നിരാക്ഷേപ പത്രം സഹിതം ട്രൈബ്യൂണലിന്റെ ഓഫീസിൽ 15ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭ്യമാക്കണം.
ഫിസിയോതെറാപ്പിസ്റ്റ് താല്കാലിക നിയമനം
സംസ്ഥാന കായിക യുവജന കാര്യാലയത്തിനു കീഴിലെ രാജീവ് ഗാന്ധി സ്‌പോർട്സ് മെഡിക്കൽ സെന്ററിൽ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. ഫിസിയോതെറാപ്പി ബിരുദമാണ് യോഗ്യത. ഈ യോഗ്യതയുളളവരുടെ അഭാവത്തിൽ പ്ലസ് ടു/തത്തുല്യവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിസിയോ തെറാപ്പിയിൽ ഡിപ്ലോമ ഉളളവർക്കും അപേക്ഷിക്കാം. സേനയിൽ ഫിസിയോതെറാപ്പി അസിസ്റ്റന്റ് ക്ലാസ് 2 തസ്തികയിൽ ജോലി നോക്കിയവർക്കും അപേക്ഷിക്കാം. സ്‌പോർട്സ് ഫിസിയോതെറാപ്പിയിൽ പരിചയമുളളവർക്ക് മുൻഗണന. പ്രായപരിധി:45 വയസ്സ്, അപേക്ഷകൾ നവംബർ 11നു മുൻപ് ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്സ് ആന്റ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & ഇ.ഐ കോർട്ട് ജഡ്ജ് എം.ബി.പ്രജിത്ത് ഒന്ന്, ഏഴ്, എട്ട്, 14,15,21,22,28,29 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും, 12ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്സിലുളള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും, 26ന് പത്തനംതിട്ട ജില്ല മീഡിയേഷൻ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
മെഡിക്കൽ കൗൺസിലിൽ എൻ.ഒ.സി അപേക്ഷകൾ ഓൺലൈനായി നൽകണം
തിരുവിതാംകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഗുഡ് സ്റ്റാൻറ്റിംഗ്/നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) അപേക്ഷ സമർപ്പിക്കുന്നവർ നാലുമുതൽ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ മുഖേനയല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുന്നതിന് ടി.സി.എം.സിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.medicalcouncil.kerala.gov.in സന്ദർശിക്കുക.