rain

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെഞ്ഞാറമൂട് മേഖലയിൽ വൈദ്യുതി കമ്പികളിലേക്ക് മരച്ചില്ലകൾ ഒടിഞ്ഞു വീണും, മരം കടപുഴകി വീണും മണിക്കൂറുകളോളം വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. പുലർച്ചെ പെയ്ത മഴയിൽ ആലിയാട്ട് ഒരു വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകർന്നു. രാത്രി 10 ന് കുതിരകുളം ഇരങ്ങയിൽ കല്ലറവിളാകം ഗോപിനാഥൻ നായരുടെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് 11 കെ.വി. ലൈനിലേക്കും റോഡിലേക്കുമായി വീണു. വൈദ്യുതി കമ്പികൾ പൊട്ടി പോസ്റ്റുകളും ഒടിഞ്ഞു. ഇതു കാരണം നാല് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. അര മണിക്കൂറോളം റോഡിൽ ഗതാഗതവും തടസപ്പെട്ടു. ലീഡിംങ് ഫയർമാൻ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് അഗ്നി ശമന സേനയെത്തി മരങ്ങൾ മുറിച്ച് മാറ്റിയ ശേഷമാണ് കെ.എസ്.ഇ.ബി ജീവനക്കാർക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ജോലികൾ തുടങ്ങാനായത്. പുലർച്ചെ പെയ്ത ശക്തമായ മഴയിൽ കോലിയക്കോട് വില്ലേജിൽ ആലിയാട് നിർമ്മാല്ല്യത്തിൽ മനു കുമാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തി പൂർണമായും തകർന്നു. മഴ ഇപ്പോഴും ശക്തമായി പെയ്യുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.