തിരുവനന്തപുരം : യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി നഗരസഭാ സെക്രട്ടറി എൽ.എസ്. ദീപ. ഹെൽത്ത് ഓഫീസറുടെ സസ്‌പെൻഷൻ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയെങ്കിലും വീണ്ടും ചോദ്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റതോടെയാണ് സെക്രട്ടറി വൈകാരികമായി പ്രതികരിച്ചത്. മാലിന്യസംസ്കരണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പിഴ ഈടാക്കുന്നതിന് മലിനീകരണ നിയന്ത്രണബോർഡ് നൽകിയ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത് കൗൺസിൽ യോഗത്തിൽ മറച്ചുവച്ചെന്നാരോപിച്ചായിരുന്നു കലഹം. കൗൺസിൽ യോഗത്തിലുടനീളം ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറി, ഡെപ്യൂട്ടി മേയർ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിനൊടുവിലാണ് സെക്രട്ടറി മറുപടി നൽകിയത്. ആരെങ്കിലും പറഞ്ഞാൽ അതേപടി ഒപ്പിടുന്ന ഉദ്യോഗസ്ഥയല്ല, അനധികൃതമായി പലരും ആവശ്യപ്പെട്ട ഫയലുകൾ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ സ്ഥാനക്കയറ്റം പോലും ലഭിച്ചിട്ടില്ലെന്നും അവർ തുറന്നടിച്ചു. നഗരസഭയിൽ വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനമുണ്ട്. അത് ആദ്യം സെക്രട്ടറി കാണാറില്ലെന്നും ദീപ പറഞ്ഞു. കഴിഞ്ഞ കൗൺസിലിന് മുമ്പ് ഹെൽത്ത് ഓഫീസറെ വിളിച്ച് ഇത്തരം ഒരു കത്ത് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതാണ്. അന്നും കിട്ടിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സെക്രട്ടറി പറഞ്ഞു. തലസ്ഥാന നഗരസഭയിൽ തന്റെ കാലത്ത് നടത്തിയ ഭരണമാറ്റങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ഇതോടെ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന ഡെപ്യൂട്ടി മേയർ ഇടപെട്ട് ചർച്ച അവസാനിപ്പിച്ചു. ഇത്രയും ഗൗരവമുള്ള ഒരു കത്ത് ഉന്നത അധികൃതരെ അറിയിക്കാതെ ടെക്നിക്കൽ കമ്മിറ്റിക്ക് കൈമാറാനാണ് എച്ച്.ഒ നിർദ്ദേശിച്ചത്. ഇതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടിയും തൃപ്തികരമായിരുന്നില്ല. ഇതിനാലാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ വിശദീകരിച്ചു.