കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കല്ലമ്പലം മേഖലയിൽ വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറിയതോടെ കൃഷികൾ നശിച്ചു. മതിലുകൾ തകർന്ന് വീണു. പലയിടത്തും മരച്ചില്ലകൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടി വൈദ്യുതി തടസപ്പെട്ടു. ഒറ്റൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ചരുവിള വീട്ടിൽ ലിസിയുടെ വീടിന് മുകളിൽ മരം വീണ് വീടിന്റെ അടുക്കള ഭാഗം തകർന്നു. ചെമ്മരുതി വില്ലേജാഫീസിന് സമീപം താര വിലാസത്തിൽ ബാബുവിന്റെ ഓടിട്ട വീട് മഴയിൽ തകർന്നു. ഇവർ ബന്ധു വീട്ടിൽ അഭയംതേടി. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. കരവാരത്ത്
കോൺഗ്രീറ്റ് മതിൽ ഇടിഞ്ഞ് വീണ് വീടിനും വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. കരവാരം പഞ്ചായത്തിലെ നാലാം വാർഡിൽ കെ.എൻ. മൻസിലിൽ കബീറിന്റ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. തൊട്ട് അടുത്ത താമസക്കാരനായ പാറവിള വീട്ടിൽ ഉസ്മാന്റെ വക മതിലാണ് ഇടിഞ്ഞ് വീണത്. 9 അടി ഉയരവും 50 മീറ്റർ നീളവും ഉള്ള കോൺഗ്രീറ്റ് ഭിത്തി പൂർണമായും തകർന്ന് കബീറിന്റെ വീട്ടിൽ പതിക്കുകയായിരുന്നു. രണ്ട് ബാത്ത്റൂമുകൾ പൂർണമായും തകർന്നു. വീടിന്റെ ഒരു വശത്തെചുവരിന് കാര്യമായ കേടുപാട് സംഭവിച്ചു. മുൻ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻ ഭാഗവും തകർന്നു. കുടവൂർ ഏലായിൽ കൊയ്യാൻ പാകമായ നെല്പാടങ്ങൾ വെള്ളം കയറി നശിച്ചു.