kpcc

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സന്തുലനം ഉറപ്പാക്കാനായില്ലെന്നും ഇത് തിരിച്ചടിച്ചെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ശക്തമായ വിമർശനമുയർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എമാരെ കൂട്ടത്തോടെ സ്ഥാനാർത്ഥികളാക്കിയതും വിനയായി.

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ തോൽവിയും എറണാകുളത്തെ വോട്ട് ചോർച്ചയും ആഴത്തിൽ പരിശോധിക്കണം. ഇതിനായി പ്രത്യേകം സമിതിയെ വയ്ക്കില്ല. സംഘടനാസംവിധാനം ഈ രീതിയിൽ പോയാൽ ശരിയാവില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങാനിരിക്കെ താഴേതട്ടു മുതൽ ശക്തമാവണം.

എം.എൽ.എമാരെ എം.പിമാരാക്കുക വഴി അഞ്ച് വർഷത്തേക്ക് ജനങ്ങൾ നൽകിയ അംഗീകാരത്തെയാണ് തള്ളിക്കളഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയത് എം.എം. ഹസനാണ്. ഇതോടെ എം.എൽ.എമാർ 47ൽ നിന്ന് 45 ആയി. വട്ടിയൂർക്കാവ് ഉറച്ച സീറ്റല്ലെന്നറിയാമായിരുന്നിട്ടും മുരളീധരനെ മാറ്റി. ഏക ഈഴവ പ്രതിനിധിയായിരുന്ന അടൂർ പ്രകാശിനെ എം.പിയാക്കിയപ്പോൾ നിയമസഭയിൽ ഈഴവ പ്രാതിനിദ്ധ്യമില്ലാതായി. ഉപതിരഞ്ഞെടുപ്പിൽ ഈഴവ പ്രാതിനിദ്ധ്യം ഉറപ്പാക്കിയതുമില്ല. ഇതിലൂടെ സാമൂഹ്യനീതി പാലിക്കാനാവാതെ പോയെന്നും ഹസൻ പറഞ്ഞു.

വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ, വി.ഡി. സതീശൻ, പി.ജെ. കുര്യൻ, കെ.വി. തോമസ്, കെ.സി. ജോസഫ് എന്നിവരെല്ലാം ഇതിനോട് യോജിച്ചു. ഈഴവ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ അരൂരിൽ എം. ലിജുവിനെ നിർദ്ദേശിച്ചതാണെങ്കിലും മത്സരിക്കാൻ തയ്യാറായില്ലെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി.

എൻ.എസ്.എസ് നിലപാടിനെ പിന്തുണയ്ക്കും. എൻ.എസ്.എസിന്റെ ശരിദൂരമാണ് ബി.ജെ.പിയിലേക്കുള്ള വോട്ടൊഴുക്കിനെ തടഞ്ഞുനിറുത്തിയത്. തിരഞ്ഞെടുപ്പിലെ വിവാദങ്ങൾ പാർട്ടിക്ക് ശാപമായെന്ന വിമർശനവുമുണ്ടായി. മികച്ച പ്രവർത്തനവും ഏകോപനവുമുണ്ടായപ്പോൾ അരൂരിൽ വിജയിച്ചു.

പാർട്ടിയെക്കാൾ വലുതാണ് തങ്ങളെന്ന നിലയിൽ നേരത്തേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിറങ്ങുന്നത് തിരിച്ചടിക്കുന്നതായും വട്ടിയൂർക്കാവിൽ ആർ.എസ്.എസ് വോട്ട് സി.പി.എമ്മിന് പോയെന്നും കെ. മുരളീധരൻ പറഞ്ഞു. സംഘടനാ വീഴ്ചയും ഗൗരവമായി വിലയിരുത്തണം. എന്തൊക്കെ ദ്രോഹം ചെയ്താലും അതിനെയെല്ലാം മറികടക്കാനുള്ള സംഘടനാ സംവിധാനം സി.പി.എമ്മിനുണ്ട്. എന്നാൽ കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുന്നെന്നും അഭിപ്രായമുയർന്നു.