kpcc-indira-bhavan-

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന എത്രയും വേഗം പൂർത്തിയാക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ധാരണ.

ഉപതിരഞ്ഞെടുപ്പിൽ ഗ്രൂപ്പടിസ്ഥാനത്തിൽ നിയമിതരായ പാർട്ടി ഭാരവാഹികൾ ശരിയായി പ്രവർത്തിച്ചില്ലെന്നും കാര്യശേഷിയുള്ളവരെ ഉൾപ്പെടുത്തി സമഗ്ര പുന:സംഘടന എത്രയും വേഗം വേണമെന്നുമുള്ള അഭിപ്രായം യോഗത്തിലുണ്ടായി. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ കൂടിയാലോചിച്ച് കഴിയുന്നതും ഒരാഴ്ചയ്ക്കകം കെ.പി.സി.സി പുന:സംഘടനാനടപടികളിലേക്ക് കടക്കാനാണ് നിർദ്ദേശം. ഗ്രൂപ്പടിസ്ഥാനത്തിലായാലും മെറിറ്റാവണം മാനദണ്ഡമെന്നും ഗ്രൂപ്പുകൾക്കതീതമായുള്ള കാര്യശേഷിയുള്ളവരെ പരിഗണിക്കണമെന്നും വി.എം. സുധീരനും എം.എം. ഹസ്സനും മറ്റും അഭിപ്രായപ്പെട്ടു. അതേസമയം, ജനപ്രതിനിധികളെ ഭാരവാഹികളാക്കിയാൽ പരസ്യമായി പ്രതിഷേധിക്കുമെന്ന് പി.ജെ. കുര്യൻ മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികൾക്ക് ഇപ്പോൾതന്നെ ജോലിഭാരമുള്ളപ്പോൾ പാർട്ടിസ്ഥാനം കൂടി കെട്ടിവയ്ക്കേണ്ട. ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കണം. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ നിർജ്ജീവമായതും തിരിച്ചടിയാണ്. ഇവ പുന:സംഘടിപ്പിച്ച് സജീവമാക്കണം. കെ.പി.സി.സിയുടെ നിയന്ത്രണം ഇവയ്ക്കുണ്ടാകണമെന്നും നിർദ്ദേശിച്ചു.