rain

നെയ്യാറ്റിൻകര: ശക്തമായ മഴയിലും കാറ്റിലും നെയ്യാറ്റിൻകര താലൂക്കിൽ 51 വീടുകൾ ഭാഗികമായി തകർന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിരായുംമൂട്ടിലുമായി രണ്ട് മരങ്ങൾ കടപുഴകി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പാർക്കിംഗ് യാർഡിൽ നിന്ന നെല്ലിമരമാണ് കഴിഞ്ഞ ദിവസം കടപുഴകിയത്. ഇവിടെ കാറുകളുണ്ടായിരുന്നെങ്കിലും കേടുപാടുണ്ടായില്ല. നെയ്യാറ്റിൻകരയിൽ നിന്ന്‌ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി. പിരായുംമൂടിന് സമീപം പിച്ചംവിളയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന തെങ്ങാണ് റോഡിലേക്ക് വീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കനത്തമഴയിൽ പെരുമ്പഴുതൂർ, മാരായമുട്ടം തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിലെ ഷട്ടറുകൾ തുറന്നതിനാൽ നെയ്യാറിന് സമീപ പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.