മലയിൻകീഴ്: മഴ ശക്തമായതോടെ ചിറ്റിയൂർക്കോട് മേഖലയിൽ വ്യാപകനാശം. മണ്ണും കോൺക്രീറ്റ് കെട്ടും ഇടിഞ്ഞുവീണ് ചിറ്റിയൂർക്കോട് മകയിരത്തിൽ അഭിലാഷിന്റെ കാർ തകർന്നു. സമീപത്തെ കുന്നിന് മുകളിലുള്ള ഹേമലതയുടെ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇന്നലെ രാവിലെയാണ് സംഭവം. താഴ്‌ന്ന ഭാഗത്ത് പാറവേസ്റ്റും നാമമാത്രമായ സിമന്റും ചേർത്ത് കെട്ടിയിരുന്ന കോൺക്രീറ്റ് കെട്ടാണ് ബലക്ഷയം കാരണം തകർന്നത്. ഹേമലത, മകൾ ആരതി ഗായത്രി, നാലുവയസുള്ള കുഞ്ഞ്, ഹേമതലയുടെ അമ്മ എന്നിവരാണ് ഈ ഒറ്റമുറി വീട്ടിൽ കഴിയുന്നത്. കാട്ടാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഇടിഞ്ഞുവീണ മൺതിട്ട നീക്കം ചെയ്‌തു. ജെ.സി.ബി ഉപയോഗിച്ച് കാറിന് മുകളിൽ വീണ കോൺക്രീറ്റ് കെട്ടിന്റെ ഭാഗങ്ങളെടുത്ത് മാറ്റി. ഫയർസ്റ്റേഷൻ ഓഫീസർ എ.എൽ. ബൈജു, ലീഡിംഗ് ഫയർമാൻ കെ. മോഹൻകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മലയിൻകീഴ് വില്ലേജ് ഓഫീസിലെ ജീവനക്കാരൻ സുരേഷ് കുമാർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്‌ണൻനായർ, പഞ്ചായത്ത് അംഗങ്ങളായ നടുക്കാട് അനിൽ, കെ. ഷിബുലാൽ എന്നിവർ സ്ഥലം സന്ദർശിച്ചു.