പാറശാല: ക്ലാസ് മുറികളിൽ ഒരുക്കുന്ന വായനശാലകളിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി പണം കണ്ടെത്താൻ പാറശാല ബി.ആർ.സിയുടെ കീഴിലുള്ള പ്ലാമൂട്ടുക്കട നല്ലൂർവട്ടം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു. പൊഴിയൂർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പ്രതീപ് ഉദ്‌ഘാടനം ചെയ്തു. മരച്ചീനി പുഴുങ്ങിയത്, വിവിധയിനം പുട്ടുകൾ, നാടൻ പലഹാരങ്ങൾ, ഫ്രൂട്ട് സാലഡുകൾ എന്നിങ്ങനെയുള്ള വിവിധ ഭക്ഷണങ്ങൾ കഴിക്കുന്നതിനും പാർസൽ വാങ്ങുന്നതിനും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികളുടെ മനസിൽ നിന്നുണ്ടായ ആഗ്രഹം സഫലീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പരിപാടിക്ക് പി.ടി.എക്കും, നാട്ടുകാർക്കും ഒപ്പം പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയും മുന്നോട്ട് വന്നു. ഇന്ന് കേരളപ്പിറവി ദിനാഘോഷത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള ഹെൽത്ത് കാർഡ് വിതരണം, ക്ലാസ് മുറികളിലെ ലൈബ്രറിയുടെ പ്രകാശനം, പത്ര പ്രകാശനം എന്നിവയും നടക്കും. ചടങ്ങിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ, പുലിയൂർ ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.