real-madrid
real madrid

സ്പാനിഷ് ലാലിഗ

ലെഗാനെസിനെ 5-0 ത്തിന് തകർത്ത്

റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ

‌രണ്ടാം സ്ഥാനത്ത്

മാഡ്രിഡ് : സീസണിൽ ചില ചുവടുകൾ പിഴച്ചെങ്കിലും കഴിഞ്ഞരാത്രി ലെഗാനെസിനെതിരെ മറുപടിയില്ലാത്ത അഞ്ചുഗോളുകളുടെ വിജയം ആഘോഷിച്ച റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് റയലിന് തകർപ്പൻ വിജയം സമ്മാനിക്കാൻ ചുക്കാൻ പിടിച്ചത്.

ഏഴാം മിനിട്ടിൽ ബെൻസേമയുടെ പാസിൽനിന്ന് റോഡ്രിഗോയാണ് സ്കോറിംഗ് തുടങ്ങിയത്. 10-ാം മിനിട്ടിൽ ടോണി ക്രൂസിന് ഗോളടിക്കാൻ പന്തെത്തിച്ചതും ബെൻസേമ തന്നെയായിരുന്നു. 20-ാം മിനിട്ടിൽ ബെൻസേമയുടെ പാസിൽനിന്നുള്ള ടോണി ക്രൂസിന്റെ അടുത്ത ഷോട്ട് ലെഗാനെസ് ഗോളി കുത്തികയറ്റി. തൊട്ടടുത്ത മിനിട്ടിൽ ബെൻസേമ ഒരു ബൈസിക്കിൾ കിക്കിന് ശ്രമിച്ചതും ഫലം കണ്ടില്ല. 22-ാം മിനിട്ടിൽ ഏദൻ ഹസാഡിനെ ലെഗാനെസ് ഗോളി സോറിയാസേ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ തന്റെ കുറ്റത്തിന് വിധിച്ച പെനാൽറ്റി തട്ടിയകറ്റി സോറിയാനോ മാനംകാത്തു. റയൽ നായകൻ സെർജിയോ റാമോസാണ് പെനാൽറ്റി പാഴാക്കിയത്. എന്നാൽ അങ്ങനെയൊന്നും രക്ഷപ്പെടാൻ ലെഗാനെസിന് വിധിയില്ലായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ റാമോസ് കിക്കെടുക്കുന്നതിന്മുമ്പ് സോറിയാനോ ഗോൾ പോസ്റ്റിലെ ലൈൻ വിട്ടിറങ്ങി എന്ന് തെളിഞ്ഞതോടെ റഫറി വീണ്ടും സ്പോട്ട് കിക്കിന് വിരൽചൂണ്ടി. ഇത്തവണ പക്ഷേ റാമോസ് പിഴയ്ക്കാതെ പന്ത് വലയിലാക്കി.

ആദ്യപകുതിയിൽ 3-0ത്തിന് ഗോൾ നേടിയ റയൽ മാഡ്രിഡ് രണ്ടാംപകുതിയിൽ അടുത്ത ഗോൾ നേടിയത് പെനാൽറ്റിയിലൂടെയാണ്. 68-ാം മിനിട്ടിൽ മൊഡ്രിച്ചിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ബെൻസേമ നിഷ്‌പ്രയാസം പന്ത് വലയിലാക്കി റയലിനെ 4-0 ത്തിന് മുന്നിലെത്തിച്ചു. 90 -ാം മിനിട്ടിൽ കർവഹായലിന്റെ ക്രോസിൽ നിന്ന് യോഹിച്ചാണ് റയലിന്റെ അഞ്ചാം ഗോൾ നേടിയത്.

ലെഗാനെസിനെതിരായ മത്സരത്തിന് മുമ്പ് ആറാംസ്ഥാനത്തായിരുന്ന റയൽ മാഡ്രിഡ് നാല് പടവുകൾ ചവിട്ടിക്കയറിയാണ് രണ്ടാമതെത്തിയത്. 10 മത്സരങ്ങളിൽനിന്ന് 21 പോയിന്റാണ് റയലിന് ഇപ്പോഴുള്ളത്. 22 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാംസ്ഥാനത്ത്.

പോയിന്റ് നില

ടീം, കളി, പോയിന്റ് ക്രമത്തിൽ

ബാഴ്സലോണ 10-22

റയൽ മാഡ്രിഡ് 10-21

ഗ്രനാഡ 10-20

അത്‌ലറ്റിക്കോ 10-20

സെവിയ്യ 11-20