kerala-legislative-assemb

തിരുവനന്തപുരം: കോൺഗ്രസ് മുക്തഭാരതം എന്ന ബി.ജെ.പിയുടെ തിരക്കഥയ്ക്കനുസരിച്ചുള്ള നീക്കങ്ങളാണ് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലുണ്ടായതെന്നും കോൺഗ്രസിനെ തോല്പിക്കാൻ സി.പി.എമ്മിന് ബി.ജെ.പി വോട്ട് മറിച്ചെന്നത് ചർച്ചയാണെന്നും വി.എസ്. ശിവകുമാർ നിയമസഭയിൽ ആരോപിച്ചു. എന്നാൽ, വട്ടിയൂർക്കാവിൽ എൽ.ഡി.എഫിന് വോട്ട് ചെയ്ത വോട്ടർമാരെ പരിഹസിക്കുകയാണ് ശിവകുമാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരിച്ചടിച്ചു. കോൺഗ്രസിന്റേത് പോലുള്ള വോട്ടുകച്ചവട പാരമ്പര്യമൊന്നും തങ്ങൾക്കില്ല. വട്ടിയൂർക്കാവിൽ അടിസ്ഥാന വികസനപ്രശ്നങ്ങളാണ് പറഞ്ഞത്. അതനുസരിച്ചാണ് ജനം അവർക്കിഷ്ടമുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. അതിനെ നിസാരവത്കരിക്കരുതെന്നും കടകംപള്ളി പറഞ്ഞു. മലബാർ ദേവസ്വംബോർഡ് ഭരണസമിതിയിലേക്ക് രണ്ട് വർഷം കാലാവധി പൂർത്തിയാക്കിയ അംഗത്തിന് ഒരവസരം കൂടി നൽകുന്നത് സംബന്ധിച്ച മദ്രാസ് ഹിന്ദുമത എൻഡോവ്മെന്റ് ഭേദഗതി ബില്ലിന്റെ ചർച്ചയിലായിരുന്നു മന്ത്രിയും ശിവകുമാറും തമ്മിലെ വാഗ്വാദം. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ കള്ളക്കളി ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. ബി.ജെ.പിയുമായുള്ള സഹവർത്തിത്വം കൊണ്ടാണ് ബി.ജെ.പിയിൽ നിന്ന് വന്നയാളെ പ്രസിഡന്റായി നിലനിറുത്താൻ ഇതുപോലുള്ള ബില്ലുകൾ സർക്കാർ കൊണ്ടുവരുന്നതെന്നും ശിവകുമാർ കുറ്റപ്പെടുത്തി.

വിശ്വാസിസമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമങ്ങൾ ജനം മനസിലാക്കിയെന്നും എല്ലാക്കാലവും അവരെ തെറ്റിദ്ധാരണയുടെ തടവറയിലാക്കി ജയിക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.