തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ അവകാശങ്ങൾ ക്ഷേമപദ്ധതികളിൽ മാത്രം ഒതുങ്ങരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് എച്ച്.എൽ.ദത്തു പറഞ്ഞു.
പട്ടികജാതി, പട്ടികവർഗക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും അതിക്രമങ്ങളും സംബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ക്യാമ്പ് സിറ്റിംഗിന്റെയും പബ്ലിക് ഹിയറിംഗിന്റെയും ഉദ്ഘാടനം ജവഹർ സഹകരണ ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം മനുഷ്യാവകാശ സംരക്ഷണത്തിനും സർക്കാർ പ്രാധാന്യം നൽകണം. പട്ടികജാതി, പട്ടികവർഗ കുട്ടികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പാക്കണം. സ്കൂളുകളിലും സർവകലാശാലകളിലും മനുഷ്യാവകാശ സംരക്ഷണം പഠിപ്പിക്കണമെന്നും ജസ്റ്റിസ് .ദത്തു പറഞ്ഞു.
കമ്മിഷൻ അംഗങ്ങളായ ഡോ.ഡി.എം.മുലയ്, ജസ്റ്റിസ് പി.സി പന്ത്, ജ്യോതിക കൈര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, ചീഫ് സെക്രട്ടറി ടോം ജോസ്, ദേശീയ മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി ജനറൽ ജയ്ദീപ് ഗോവിന്ദ്, കമ്മിഷൻ രജിസ്ട്രാർ സുർജിത് ഡേ, അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ പബ്‌ളിക് ഹിയറിംഗ് നടന്നു. ഇന്ന് രാവിലെ 10 മുതൽ ഫുൾബെഞ്ച് സിറ്റിംഗും നടക്കും.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഹിയറിംഗ് നടക്കുന്നതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പേർ ഇന്നലെ തലസ്ഥാനത്തെത്തി. എന്നാൽ, തിരഞ്ഞെടുത്ത നൂറോളം പരാതികൾ മാത്രമാണ് കമ്മിഷൻ ഇന്നലെ പരിഗണിച്ചത്. പുതിയ പരാതികൾ സ്വീകരിക്കണമെന്ന് അറിയിച്ച് ആളുകൾ ബഹളം വച്ചു. തുടർന്ന്, കമ്മിഷൻ രജിസ്ട്രാർ സുർജിത് ഡേ നേരിട്ടെത്തി പരാതികൾ സ്വീകരിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന്
ഉറപ്പ് നൽകി.