. അന്തരീക്ഷ മലിനീകരണത്തോത് ഉയർന്നത് കാരണം ഞായറാഴ്ചത്തെ ഇന്ത്യ-ബംഗ്ളാദേശ് ട്വന്റി 20 ന്യൂഡൽഹിയിൽ നിന്ന് മാറ്റില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ന്യൂഡൽഹി : വർദ്ധിച്ച അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും കാരണം സാധാരണ ജീവിതം ദുഃസഹമാണെങ്കിലും ഡൽഹിയിൽ നിന്ന് ഞായറാഴ്ച തുടങ്ങുന്ന ഇന്ത്യ-ബംഗ്ളാദേശ് പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം മാറ്റിവയ്ക്കാൻ ഉദ്ദേശമില്ലെന്ന് പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരം കാണാൻ ആളുകൾ കൂടുന്നത് മലിനീകരണം വീണ്ടും വർദ്ധിപ്പിക്കുമെന്നും മൂന്നുനാല് മണിക്കൂർ നിലവാരമില്ലാത്ത വായു ശ്വസിക്കേണ്ടിവരുന്ന കളിക്കാരുടെ ആരോഗ്യനില തകരാറിലാകുമെന്നും കാണിച്ച് പരിസ്ഥിതി പ്രവർത്തകർ കഴിഞ്ഞദിവസം ഗാംഗുലിക്ക് കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായാണ് മത്സരം മാറ്റില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയത്.
ദീപാവലിക്ക് ശേഷം ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മലീമസമായിക്കൊണ്ടിരിക്കുകയാണ്. രാവിലെയും രാത്രിയിലുമാണ് വലിയ പ്രശ്നം. ശുദ്ധവായു കിട്ടാനില്ലാതെ നഗരത്തിന്റെ പലഭാഗങ്ങളും അപകടസ്ഥിതിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സെപ്തംബർ മുതൽ ജനുവരിവരെയുള്ള സമയത്ത് ഡൽഹിയിൽ ഇതാണ് സ്ഥിതി.
നവംബർ മൂന്നിന് കോട്‌ലയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരം കാണാൻ ആയിരക്കണക്കിനുപേർ ഒന്നിച്ചുകൂടുന്നത് വായു മലിനീകരണത്തിന്റെ അളവ് വർദ്ധിപ്പിക്കുമെന്നാണ് പരിസ്ഥിതി വാദികൾ പറയുന്നത്. ഇക്കുറി ദീപാവലി ആഘോഷങ്ങൾക്ക് പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ ഡൽഹി സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷങ്ങളിൽ ദീപാവലിക്ക് ശേഷം ഡൽഹിയുടെ അന്തരീക്ഷം മലീമസമായ അത്രത്തോളം ഇത്തവണ എത്തിയിട്ടില്ല എന്നൊരു ആശ്വാസമുണ്ട്.
അതേസമയം ക്രിക്കറ്റ് മത്സരത്തെക്കാൾ പ്രധാനമാണ് ജനങ്ങളുടെ ആരോഗ്യവും ശുദ്ധവായുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്ററും ഇപ്പോൾ ഡൽഹിയിൽ നിന്നുള്ള എം.പിയുമായ ഗൗതം ഗംഭീർ രംഗത്തെത്തിയിട്ടുണ്ട്. ബി.സി.സി.ഐക്ക് വേണമെങ്കിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാമെന്നും ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞുപോയതും തയ്യാറെടുപ്പുകൾ പൂർത്തിയായതും കാരണം ഇനി വേദിമാറ്റൽ പ്രയാസമാണെന്നാണ് ബി.സി.സി.ഐ നിലപാട്.
ഞായറാഴ്ചത്തെ മത്സരം ഡൽഹിയിൽ നിന്ന് മാറ്റില്ല. അവസാന സമയത്ത് മറ്റൊരു വേദിയിലേക്ക് മാറ്റുക പ്രയാസകരമാണ്. അന്തരീക്ഷ മലിനീകരണം മത്സരത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ.
സൗരവ് ഗാംഗുലി
ബി.സി.സി.ഐ പ്രസിഡന്റ്
മാസ്‌ക് ധരിച്ച്
ബംഗ്ളാ താരം
ഇന്ത്യൻ പര്യടനത്തിനെത്തിയ ബംഗ്ളാദേശ് ക്രിക്കറ്റ് താരം ഇന്നലെ ന്യൂഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നെറ്റ് പ്രാക്ടീസിനിറങ്ങിയപ്പോൾ മോശം വായു ശ്വസിക്കുന്നത് ഒഴിവാക്കുന്നതിനായി മാസ്‌ക് ധരിച്ചിരുന്നു. ഫീൽഡിംഗ് പരിശീലനം നടത്തിയ ലിട്ടൺ ദാസാണ് മുഖംമൂടി ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.
2017 ൽ ഇന്ത്യയുമായി ഇതേ വേദിയിൽ ടെസ്റ്റ് മത്സരത്തിനിടയിൽ ശ്രീലങ്കൻ താരങ്ങൾ മാസ്‌ക് ധരിച്ചാണ് കളിക്കാൻ ഇറങ്ങിയിരുന്നത്. അന്ന് ലങ്കൻ താരം സുരംഗ ലക്‌മൽ ഗ്രൗണ്ടിൽ ഛർദ്ദിക്കുകയും ചെയ്തിരുന്നു.
ജനങ്ങളുടെ ജീവിതവും അന്തരീക്ഷ മലിനീകരണവും വച്ചുനോക്കുമ്പോൾ ക്രിക്കറ്റ് മത്സരം വലിയൊരു കാര്യമല്ല. കുഞ്ഞുങ്ങൾമുതൽ പ്രായമായവർവരെ ഇൗ വായു ശ്വസിക്കാൻ ബുദ്ധിമുട്ടുകയാണ്. ആ സമയത്ത് കളിയെക്കാൾ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്യാനുണ്ട്.
ഗൗതം ഗംഭീർ
'ഡൽഹിയിലെ വായുവിന്റെ നിലവാരത്തെപ്പറ്റി ആശങ്കയുണ്ട്. വിദേശത്തുനിന്നുള്ള കളിക്കാർ പേടിച്ചാണ് മാസ്‌ക് ധരിക്കുന്നത്. അവരെ നമുക്ക് കുറ്റംപറയാനാവില്ല. ഡൽഹിയിലെ അവസ്ഥയോട് അത്രപെട്ടെന്ന് ഇഴുകിച്ചേരാനാകാൻ ആവില്ല.
സുനിൽ ഛെത്രി, ഇന്ത്യൻ
ഫുട്ബാൾ ക്യാപ്ടൻ
ഇതിനുമുമ്പ് ഇവിടെ ലങ്കയ്ക്കെതിരെ ടെസ്റ്റ് കളിച്ചപ്പോൾ ഞങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇത്തവണയും പ്രശ്നങ്ങളില്ലാതെ കളി നടക്കും എന്നാണ് വിശ്വാസം.
രോഹിത് ശർമ്മ
ഇന്ത്യൻ ക്യാപ്ടൻ