koodathil

തിരുവനന്തപുരം: കരമന കൂടത്തായി തറവാട്ടിലെ ദുരൂഹമരണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭൂമിതട്ടിപ്പ് കേസിൽ മുൻ ജില്ലാകലക്ടർ അടക്കം 8 പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.

മൂന്ന് മുതൽ പത്ത് വരെ പ്രതികളായ മായാദേവി, ലതാദേവി, ശ്യാം കുമാർ, സരസാദേവി, സുലോചന ദേവി, വി.ടി.നായർ, ശങ്കരമേനോൻ, മുൻ ജില്ലാകലക്ടർ മോഹൻദാസ് എന്നിവരാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ ഗുഢാലോചന, വധ ഭീഷണി എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കരമന പൊലീസ് കേസെടുത്തത്.

അതിനിടെ, കൂടത്തിൽ തറവാട്ടിലെ ഭൂമി കൈക്കലാക്കിയ കാര്യസ്ഥൻ രവീന്ദ്രനിൽ നിന്ന് തലസ്ഥാനത്തെ ഒരു ഡിവൈ.എസ്.പി ചുളുവിലയ്ക്ക് ഭൂമി വാങ്ങിയതായി കണ്ടെത്തി.. കൂടത്തിൽ വീടിന്റെ വകയായിരുന്ന നേമത്തെ വസ്തുവിൽ നിന്ന് 7.5 സെന്റ് സ്ഥലമാണ് വാങ്ങിയത്. രവീന്ദ്രൻ നായർ തെറ്റിദ്ധരിപ്പിച്ച് ഭൂമി വിറ്റതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്തെ പല സ്റ്റേഷനുകളിലും സി.ഐയും അടുത്തിടെ ഡിവൈ.എസ്.പിയുമായ ഉദ്യോഗസ്ഥനാണ് ഭൂമി വാങ്ങിയത്. കേസിൽ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകൻ പ്രകാശിനെ എതിർകക്ഷിയാക്കി ,കൂടത്തിൽ തറവാട്ടിൽ ഏറ്റവും അവസാനം 2017ൽ മരണപ്പെട്ട ജയമാധവൻ നായരും കുടുംബാംഗങ്ങളും നൽകിയ പരാതി അദാലത്തിലൂടെ തീർപ്പാക്കിയിരുന്നു. അതിന് ശേഷം ഭാഗം വച്ചതിൽപ്പെട്ട സ്ഥലമാണ് ഡിവൈ.എസ്.പി വാങ്ങിയത്. 2013ൽ നൽകിയ ഈ പരാതി തന്നെ സംശയത്തിന്റെ നിഴലിലാണ്. രവീന്ദ്രൻനായർ ജയമാധവനെയും മറ്റും തെറ്റിദ്ധരിപ്പിച്ച് ഭൂമി തട്ടിയെടുക്കാൻ ഉണ്ടാക്കിയ പരാതിയാണോ എന്നാണ് സംശയം.

. ഇതിനു പുറമെ മണക്കാട് വില്ലേജിൽ 18ഉം നേമത്ത് ഒന്നും പാൽക്കുളങ്ങരയിൽ രണ്ടും തൈക്കാട് മൂന്നും വസ്തു ഇടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ വാങ്ങിയവരുടെയും ഇടനിലക്കാരും സാക്ഷികളുമായവരുടെയും വിവരങ്ങൾ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ശേഖരിച്ചു.

കുടുംബാംഗമായ പ്രസന്ന കുമാരിഅമ്മയുടെ പരാതിയിലാണ് മുൻ കളക്ടർ ഉൾപ്പെടെയുള്ളവർക്കെതിരായ കേസ്. ഇവരുടെ ഭർത്താവിന്റെ സഹോദരനായ ജയമാധവൻ നായരുടെ 33 സെന്റ് വസ്തു രവീന്ദ്രൻ നായർ വിലയാധാരമായി എഴുതിയെടുത്തെന്നും, ബാക്കിയുള്ള കുടുംബ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു.. ഇതറിഞ്ഞ പരാതിക്കാരി കോടതിയിൽ കേസ് നൽകി. എന്നാൽ രവീന്ദ്രൻ നായർ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കി സ്വത്തുക്കൾ വീതം വയ്ക്കുകയും അത് പലർക്കും കൈമാറുകയും ചെയ്തു.