tvm-corporation

തിരുവനന്തപുരം : മാലിന്യസംസ്കരണത്തിലെ അപാകത ചൂണ്ടിക്കാട്ടി 14.59 കോടി പിഴ ഈടാക്കി മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ ഭരണസമിതി കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഭരണപക്ഷത്തിനെതിരെ തിരിഞ്ഞത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നോട്ടീസ് ലഭിച്ച വിവരം അധികൃതർ മറച്ചുവച്ചെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഒന്നും മറയ്ക്കാനില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി. നോട്ടീസ് ലഭിച്ച വിവരം യഥാസമയം സെക്രട്ടറിയുൾപ്പെടെയുള്ളവരെ അറിയിക്കാത്ത ഹെൽത്ത് ഓഫീസ‌റെ സസ്‌പെ‌‌ൻഡ് ചെയ്ത വിവരം അറിയിച്ചെങ്കിലും കലഹം അവസാനിച്ചില്ല. ഹെൽത്ത് ഓഫീസറെ സസ്‌പെൻഡ് ചെയ്ത വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും നോട്ടീസ് നൽകയിരുന്നു. ആദ്യം ചർച്ചചെയ്യണമെന്ന് രണ്ട് വിഭാഗവും ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അനുവദിച്ചില്ല. അതോടെയാണ് യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായി നടുത്തളത്തലിറങ്ങിയത്. ഇതിനിടയിൽ ധനകാര്യ, വികസന കാര്യ സമിതികളുടെ അജൻഡകൾ പാസാക്കിയതായി ഡെപ്യൂട്ടി മേയർ പ്രഖ്യാപിച്ചു. വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചതോടെ പ്രതിഷേധം ഉയർത്തിയവർ മടങ്ങി. വിവിധ കക്ഷികളിൽപ്പെട്ടവർ സംസാരിച്ചതോടെ വാക്പോര് രൂക്ഷമായി.
ബി.ജെ.പിയിൽ നിന്നു എം.ആർ. ഗോപൻ, തിരുമല അനിൽ, വി.ജി. ഗിരികുമാർ എന്നിവരും യു.ഡി.എഫിൽ നിന്നു ബീമാപള്ളി റഷീദ്, ജോൺസൺ ജോസഫ്, വി.ആർ. സിനി, പീറ്റർ സോളമൻ എന്നിവരും എൽ.ഡി.എഫിൽ നിന്നു പാളയം രാജൻ, എസ്. പുഷ്പലത, സോളമൻ വെട്ടുകാട് എന്നിവരും സംസാരിച്ചു. ഒടുവിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറും കൗൺസിലിന്റെ ആവശ്യപ്രകാരം സെക്രട്ടറി എൽ.എസ്. ദീപയും മറുപടി നൽകി. സെക്രട്ടറിയുടെയും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും ഭാഗത്ത് വീഴ്ചയില്ലെന്നും കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ തെറ്റില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞതോടെ വാക്പോര് അവസാനിച്ചു.