നേമം: ശക്തമായ മഴയിൽ കിള്ളിയാറിലെ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നു. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കിളളിയാർ ഒഴുകുന്ന കാരയ്ക്കാട്, കണ്ണേറ്റുമുക്ക് ഭാഗങ്ങളിൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഫയർ ഫോഴ്സ് തിരുവനന്തപുരം ജില്ലാ ഓഫീസർ എം.എസ്.സുവിയുടെ നിർദ്ദേശപ്രകാരം ചെങ്കൽചൂളയിൽ നിന്നു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി ജാഗ്രതാ നിർദ്ദേശം നൽകിയത്. കാരയ്ക്കാട് ഭാഗത്ത് 120 ഉം, കണ്ണേറ്റുമുക്ക് ഭാഗത്ത് 80 ഉം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ചിലർ ബന്ധു വീടുകളിൽ അഭയം തേടിയിട്ടുണ്ട്. മറ്രു ചിലർ താത്കാലിക കേന്ദ്രങ്ങളിലേക്കും മാറി. വരും ദിവസങ്ങളിൽ മഴ തുടരുകയാണെങ്കിൽ കിളളിയാർ കരകവിഞ്ഞൊഴുകും.