നെടുമങ്ങാട്: നെടുമങ്ങാട് സപ്ലൈകോയുടെ സംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. ഇ-ടെൻഡർ വഴി വിതരണം ചെയ്യുന്ന മികച്ചയിനം അരികൾ ഗോഡൗണിൽ ഇറക്കാതെ മറിച്ച് വിൽക്കുക, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവ കരിഞ്ചന്തയിൽ വിൽക്കുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 615 ചാക്ക് ജയ, സുലേഖ എന്നീ അരികൾ മറിച്ചുവിറ്റ ശേഷം തമിഴ്നാട്ടിൽ നിന്നുള്ള നിലവാരം കുറഞ്ഞ അരി ഗോഡൗണിൽ എത്തിച്ചതായി പരിശോധനയിൽ കണ്ടെത്തി. പൂവാറിന് സമീപമുള്ള മില്ലിൽ മിനുസപ്പെടുത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ള അരി ചാക്കുകളിലാക്കി വ്യാജ കമ്പനികളുടെ പേരുകൾ നൽകി മാവേലി സ്റ്റേറുകൾക്ക് വിതരണം ചെയ്തിരുന്നത്. ഉഴുന്ന് കരിഞ്ചന്തയിൽ വിറ്റ വകയിൽ 8.7 ലക്ഷം രൂപയുടെയും തുവരപ്പരിപ്പ് വിറ്റതിൽ 2.54 ലക്ഷം രൂപയുടെയും ക്രമക്കേട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.