ശ്രീകാര്യം: സി.ഇ.ടി എൻജിനിയറിംഗ് കോളേജിന് മുന്നിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളിലായി 21 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അജിത്ത് (20), രാഹുൽ (21), നിബിൻ (22), അപൂർവ് (20), എഡ്‌വിൻ (20),റിതു ചന്ദ് (22), രാജീവ് ബാബു (23), ജോയൽ ഡേവിഡ് (24), വിഷ്‌ണു നന്ദകുമാർ (23), ബിലാൽ അഹമ്മദ് (24), അനന്ദു എസ്. നാഥ് (22), മുനവിയൻ (23) ഇത്ത്യാസ് (24), അസീം (23), ആരോൺ (20), അശ്വൻകൃഷ്‌ണ (23), ജോയൽ ജോസഫ് (22),അമൽ (20), മൻസൂർ റഹിമാൻ (23), മുഹമ്മദ് ഇർഷാദ് (23), അമൽ അശോക് (21) എന്നിവരാണ് സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 7.45ന് എൻജിനിയറിംഗ് കോളേജിന് സമീപത്തെ എസ്.ബി.ഐക്ക് മുന്നിലായിരുന്നു സംഭവം. സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് ലാത്തിവീശിയതോടെ ഇരുവിഭാഗവും ചിതറിയോടി. എൻജിനിയറിംഗ് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും എസ്.ബി.ഐ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ ബോയ്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട് കോളേജിലെ ചെയർപേഴ്സണുമായുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. ഇരുവിഭാഗവും ശ്രീകാര്യം പൊലീസിൽ പരാതി നൽകി.