തിരുവനന്തപുരം: ഇന്നലെ പെയ്‌ത കനത്ത മഴയിൽ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതും ജനങ്ങളെ വലച്ചു. കല്ലയം തരംഗിണി ജംഗ്ഷൻ, കിള്ളിപ്പാലം സി.എ.ടി റോഡ് എന്നിവിടങ്ങളിൽ ഇലക്ട്രിക് ലൈനിൽ മരംവീണു. കന്റോൺമെന്റ് ഹൗസ്, വേട്ടമുക്ക് എന്നിവിടങ്ങളിൽ മരം ഒടിഞ്ഞ് വീണെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആക്കുളത്ത് വീടിന്റെ മതിലും ചുവരും ഇടിഞ്ഞുവീണു. ആക്കുളം എസ്.ബി.ഐ ശാഖ പ്രവർത്തിക്കുന്ന തുറുവിക്കൽ മുരുക്കുവിള വീട്ടിൽ മഞ്ജിത്ത് രാജന്റെ വീടുൾപ്പെടെയുള്ള കെട്ടിടത്തിലേക്കാണ് നഗരസഭാ ജീവനക്കാരനായ ഹരിലാലിന്റെ വീടിന്റെ മതിൽ ഇന്നലെ പുലർച്ചെ ഇടിഞ്ഞുവീണത്. ആർക്കും പരിക്കില്ല.