നഗരഹൃദയത്തിലെ ആശുപത്രിയെ ആരും രക്ഷിക്കും?
ആലപ്പുഴ: പരാധീനതകളാൽ നട്ടംതിരിയുന്ന ആലപ്പുഴ നഗരത്തിലെ ജനറൽ ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരില്ലാത്തത് കൂനിൻമേൽ കുരുവാകുന്നു. കെട്ടിട നവീകരണത്തിനാണെങ്കിൽ ഫണ്ടുമില്ല. നിലവിൽ ആലപ്പുഴ നഗരസഭയുടെ അധീനതയിലുള്ള ജനറൽ ആശുപത്രിയിൽ മൈക്രോബയോളജി, ആധുനിക രക്തബാങ്ക് എന്നിവയ്ക്കായി വാങ്ങിയ മെഷീനുകൾ തുരുമ്പെടുത്തു നശിക്കുകയാണ്.
ഉദ്ഘാടനം കഴിഞ്ഞിട്ടും ട്രോമാകെയർ യൂണിറ്റ് പൂട്ടിക്കിടക്കുന്നു. 450 കിടക്കകളുള്ള ആശുപത്രിയിൽ 150ൽ താഴെ രോഗികൾ മാത്രമാണ് കിടത്തി ചികിത്സയിലുള്ളത്. 2009ൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തെക്ക് മാറ്റിയപ്പോൾ നഗരത്തിലെ ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തിയെങ്കിലും ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ മാത്രമേയുള്ളു. അത്യാസന്ന നിലയിൽ എത്തുന്നവരെയൊക്കെ വണ്ടാനത്തേക്ക് 'കയറ്റിഅയയ്ക്കുന്ന' ഇടനില ആശുപത്രിയായി മാറിയിരിക്കുകയാണ് ജനറൽ ആശുപത്രിയെന്ന് ആക്ഷേപമുണ്ട്.
10 മാസം മുമ്പ് തുടങ്ങിയ ഡയാലിസിസ് യൂണിറ്റ് മാത്രമാണ് ആശുപത്രിയിൽ കാര്യമായി പ്രവർത്തിക്കുന്നത്. ജീവനക്കാർ മൂന്നു ഷിഫ്റ്റിലായി പ്രതിദിനം 24 പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. ഇത് നാല് ഷിഫ്റ്റാക്കാനുള്ള പരിശ്രമത്തിലാണ്.
മെഷീനുകൾ തുരുമ്പെടുക്കുന്നു
കെട്ടിട നവീകരണം നടത്താത്തതിനാൽ, കോടികൾ ചെലവഴിച്ച് വാങ്ങിയ യന്ത്രങ്ങൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ തുരുമ്പെടുക്കുന്നു. മൈക്രോബയോളജി ലാബും ആധുനിക രക്തബാങ്കും ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ യന്ത്രങ്ങൾ വാങ്ങാൻ പണം അനുവദിച്ചിരുന്നു. 2018 ആദ്യം മൈക്രോബയോളജി ലാബിനും ആധുനിക രക്തബാങ്കിനും വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് യന്ത്രങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് വർഷമായി ഇത് ആശുപത്രി മുറിയിൽ വിശ്രമത്തിലാണ്. നിബന്ധനകൾ പ്രകാരം കെട്ടിടത്തിൽ വൈദ്യുതീകരണം ഉൾപ്പെടെയുള്ള നവീകണ പ്രവർത്തനങ്ങൾ നടത്താത്തതാണ് ഇവ രണ്ടും ഉപയോഗശൂന്യമാകാൻ കാരണം. പലതവണ പദ്ധതി സമർപ്പിച്ചെങ്കിലും കെട്ടിട നവീകരണത്തിന് ആവശ്യമായ പണം ലഭ്യമായില്ല. രക്ത ബാങ്ക് പ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ അനുശാസിക്കുന്ന തരത്തിൽ മുറി സജ്ജീകരിക്കണം. രക്തത്തിലെ വിവിധ പ്ളേറ്റ്ലറ്റുകൾ തരംതിരിക്കാൻ കഴിയുന്ന അത്യാധുനിക മെഷീനാണ് ആശുപത്രിയിലെ മുറിയിൽ കിടക്കുന്നത്.
....................................
# പ്രശ്നങ്ങളുടെ രത്നച്ചുരുക്കം
രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ട്രോമാകെയർ യൂണിറ്റ് പ്രവർത്തനരഹിതം
പ്രവർത്തിക്കാൻ കൂടുതൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അനിവാര്യം
മോർച്ചറി കെട്ടിടം ഉണ്ടെങ്കിലും പ്രേതാലയം പോലെ ഒരു കോണിൽ കിടക്കുന്നു
മോർച്ചറി പ്രവർത്തിപ്പിക്കാൻ സർജൻ വേണം
ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് മാസങ്ങളായി
മൃതദേഹങ്ങൾ മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റുന്നു