ആലപ്പുഴ: കുട്ടനാട്ടെ 35 പാടശേഖരങ്ങളിൽ കണ്ണെത്താ ദൂരം വിളഞ്ഞു പാകമായി നിന്ന നെല്ല് മുഴുവൻ തുലാമഴയിൽ നിലത്തടിഞ്ഞു. കൊയ്ത്തു നടക്കേണ്ട നാളുകളിലെ പെരുമഴയാണ് കർഷകരെ കണ്ണീരിലാഴ്ത്തിയത്. 10,400 ഹെക്ടറിലെ നെല്ലിൽ ഒട്ടുമുക്കാലും വെള്ളത്തിൽ മുങ്ങിയതോടെ 12. 25 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
2018ലെ പ്രളയത്തിനുശേഷം നടന്ന പുഞ്ചക്കൃഷിയിൽ സ്വപ്നങ്ങൾക്കപ്പുറത്തേക്ക് നെല്ല് വിളഞ്ഞപ്പോൾ കുട്ടനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിളവെടുപ്പാണ് നടന്നത്. അതിന്റെ കരുത്തിൽ രണ്ടാം കൃഷിക്കിറങ്ങിയവരെയാണ് മഴ ചതിച്ചത്. അമ്ള രസത്തെ മുഴുവൻ കഴുകിയിറക്കിയ പ്രളയത്തിൽ വന്നടിഞ്ഞ എക്കലായിരുന്നു പുഞ്ചക്കൃഷിക്ക് അനുഗ്രഹമായത്.
500 ഹെക്ടറിൽ മാത്രമാണ് കൊയ്ത്ത് നടന്നത്. കഴിഞ്ഞ ആഴ്ചത്തെ മഴയിൽ 2828 ഹെക്ടറിലെ നെൽച്ചെടികൾ വീണു. ഈയാഴ്ച 7200 ഹെക്ടറിലേതും വീണതോടെ പ്രതീക്ഷയുടെ നാമ്പൊടിഞ്ഞു. തുലാമഴ സാധാരണ കുട്ടനാടിനെ അത്ര ബാധിക്കാറില്ല. എന്നാൽ, കണക്കുകൂട്ടൽ തെറ്റിച്ച് ഇത്തവണ കോരിച്ചൊരിഞ്ഞ മഴ എല്ലാം തകർത്തു.
കുട്ടനാടും വിളവും
ഒരു ഏക്കറിൽ കൃഷിയിറക്കാൻ ചെലവ്: 35,000 രൂപ
2017 ലെ രണ്ടാംകൃഷിയിൽ ഒരേക്കറിൽ ലഭിച്ച നെല്ല്: 25 ക്വിന്റൽ
ലഭിച്ച വില: 62,000 രൂപ
2019ലെ പുഞ്ചക്കൃഷിയിൽ ഒരേക്കറിൽ ലഭിച്ച നെല്ല്: 50 ക്വിന്റൽ
കിട്ടിയ വില: 1,25,000 രൂപ
സിവിൽ സപ്‌ളൈസ് നൽകുന്ന വില: കിലോഗ്രാമിന് 25 രൂപ
സ്വകാര്യ മില്ലുകൾ നൽകുന്ന വില: 19 രൂപ
ഒരു ദിവസം കൊയ്ത്തുകൂലി: 600 രൂപ
കൊയ്ത്ത് യന്ത്രത്തിന് ഒരു മണിക്കൂർ വാടക: 1750 രൂപ
''വെയിൽ കണ്ടാലുടൻ യന്ത്രം ഇറക്കി കൊയ്യാൻ നോക്കും. വീണ് കിടക്കുന്ന നെൽച്ചെടികൾ കോരി കൊയ്യണം. എത്ര നെല്ല് കിട്ടുമെന്ന് ഇപ്പോൾ പറയാനാവില്ല ".
ലത ജി. പണിക്കർ,
പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ
''കൊയ്യാൻ പറ്റാത്ത രീതിയിൽ നെൽച്ചെടികൾ വീണുകിടക്കുന്നു. കൃഷിയിറക്കാൻ ചെലവായ തുകയുടെ നാലിലൊന്നു പോലും കിട്ടാത്ത അവസ്ഥയാണ് ".
എ.വി. സുരേഷ്‌കുമാർ,
പാഡി മാർക്കറ്റിംഗ് ഓഫീസർ, ആലപ്പുഴ
"കൃഷി മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി പാടശേഖരങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തണം. കർഷകർക്ക് അടിയന്തര സഹായം അനുവദിക്കണം".
കൊടിക്കുന്നിൽ സുരേഷ് എം.പി