ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ രണ്ടായി വിഭജിച്ചു. നിലവിലുള്ള കുട്ടനാട് യൂണിയന് പുറമേ പുതുതായി കുട്ടനാട് സൗത്ത് യൂണിയൻ രൂപീകരിച്ചു. സംഘടനാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമുദായ അംഗങ്ങൾക്ക് സേവനം വേഗത്തിൽ ലഭ്യമാക്കാനുമാണ് യൂണിയൻ രണ്ടായി വിഭജിച്ചതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
എ.സി റോഡിൻെറ വടക്ക് ഭാഗത്തെ 34 ശാഖകൾ കുട്ടനാട് യൂണിയനിലും തെക്കു ഭാഗത്തെ 39 ശാഖകൾ പുതുതായി രൂപം കൊണ്ട കുട്ടനാട് സൗത്ത് യൂണിയനിലുമാകും. കിടങ്ങറ, കിടങ്ങറ ഗുരുപുരം, കുമ്മനംചേരി ശാഖകൾ ചങ്ങനാശേരി യൂണിയൻെറ ഭാഗമാക്കി.
കുട്ടനാട‌് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ: പി.വി.ബിനേഷ് (ചെയർമാൻ), എം.സി. ഓമനക്കുട്ടൻ (വൈസ് ചെയർമാൻ), സന്തോഷ് ശാന്തി (കൺവീനർ), എ.കെ.ഗോപിദാസ്, അഡ്വ. അജേഷ്, പ്രദീപ്കുമാർ, ദിലീപ്, എം.പി.പ്രമോദ്, കെ.കെ.പൊന്നപ്പൻ (കമ്മിറ്റി അംഗങ്ങൾ).
കുട്ടനാട് സൗത്ത് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ: ജെ.സദാനന്ദൻ (ചെയർമാൻ), എൻ.മാേഹൻദാസ് (വൈസ് ചെയർമാൻ), അഡ്വ.സുപ്രമാേദം (കൺവീനർ), സുഭാഷ് എ.ജി (ജോയിന്റ് കൺവീനർ), സുജീന്ദ്രബാബു (കമ്മിറ്റി അംഗം). ഇരുയൂണിയൻെറയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേരളപ്പിറവി ദിനമായിരുന്ന ഇന്നലെ ചുമതലയേറ്റു.