ഗർഡറുകളുടെ ഡിസൈൻ തർക്കത്തിന് പരിഹാരം
ആലപ്പുഴ: ബൈപാസ് നിർമ്മാണത്തിന് തടസമായി നിന്ന റെയിൽ ഓവർ ബ്രിഡ്ജ് ഗർഡറുകളുടെ ഡിസൈൻ റെയിൽവേ ചീഫ് എൻജിനിയർ അംഗീകരിച്ചതോടെ ആലപ്പുഴ ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്. മന്ത്രി ജി. സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ റെയിൽവേയിലെ ഉന്നതർ ആലപ്പുഴയിലെത്തി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ബൈപാസിന്റെ ശാപമോക്ഷം. മുടങ്ങിക്കിടന്നിരുന്ന ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
റെയിൽവേ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നേരത്തെ മേൽപ്പാലങ്ങളുടെ ഡിസൈൻ തയ്യാറാക്കിയത്. നിർമ്മാണ കാലതാമസം ഒഴിവാക്കാൻ രണ്ട് ആർ.ഒ.ബികൾക്കും റെയിൽവേയുടെ അംഗീകൃത പാനലിൽ നിന്നു പ്രത്യേക ഫാബ്രിക്കേറ്റർമാരെ റെയിൽവേ അംഗീകാരത്തോടു കൂടി ചുമതലപ്പെടുത്തിയിരുന്നു. ഫാബ്രിക്കേറ്റ് ചെയ്യുന്ന ഫാക്ടറികളിൽ ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ സന്ദർശിച്ച് നിർമ്മാണ നിലവാരം ഡിസൈൻ പ്രകാരം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. റെയിൽവേ സുരക്ഷ കമ്മിഷണർ കഴിഞ്ഞ വർഷം ഡിസംബർ 12ന് സൂപ്പർ സ്ട്രക്ചറിന്റെ ലോഞ്ചിംഗിന് അംഗീകാരം നൽകിയതനുസരിച്ച് റെയിൽവേ ഉദ്യോഗസ്ഥർ ഫാക്ടറികളിൽ മോക്ക് അസംബ്ലി നടത്തി നിലവാരം ഉറപ്പ് വരുത്തി. 2019 ജനുവരിയിളാണ് സൈറ്റിലേക്ക് ഗർഡറുകൾ എത്തിച്ചത്.
......................................
# ഗർഡറുകൾ സൈറ്റിൽ എത്തിയ ശേഷം
റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിക്കാനെത്തുന്നു
ആദ്യ ഡിസൈനിൽ ചില വ്യത്യാസങ്ങൾ കാണുന്നു
ഇക്കാര്യത്തിൽ അന്തിമ തീരുമാനം വ്യക്തമാക്കുന്നില്ല
നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നു
മന്ത്രി ജി. സുധാകരൻ റെയിൽവേ മന്ത്രിയുമായി ബന്ധപ്പെടുന്നു
ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ
കഴിഞ്ഞ ഒക്ടോബറിൽ റെയിൽവേ എൻജിനീയർമാർ എത്തുന്നു
ഗർഡറുകളുടെ സാങ്കേതിക പരിശോധന നടത്തുന്നു
റിപ്പോർട്ട് ചീഫ് എൻജിനീയർക്ക് കൈമാറുന്നു
കഴിഞ്ഞ 24 ന് ഗർഡറുകളുടെ ഡിസൈൻ അംഗീകരിക്കുന്നു
അറിയിപ്പ് രേഖാമൂലം മന്ത്രി ജി. സുധാകരന് ലഭിക്കുന്നു
പ്രശ്നം പരിഹാരിക്കാൻ കരാറുകാരന് നിർദ്ദേശം നൽകുന്നു
തുടർ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ
.....................................................
15ൽ നിന്ന് 98ൽ
പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ ആലപ്പുഴ ബൈപാസിന്റെ 15 ശതമാനം നിർമ്മാണം മാത്രമാണ് നടന്നിരുന്നത്. സംസ്ഥാന റെയിൽവേയുടെ കൂടി ചുമതലയുള്ള മന്ത്രി ജി.സുധാകരന്റെ ഇടപെടൽമൂലം നിലവിൽ 98 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. സൂപ്പർ വിഷൻ ചാർജുകൾ ഒഴിവാക്കിത്തരാമെന്ന് റെയിൽവേ ആദ്യം പറഞ്ഞിരുന്നെങ്കിലും ഇതിൽ തീരുമാനം വൈകിപ്പിക്കുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തതിന്റെ ഭാഗമായി 7 കോടി രൂപ റെയിൽവേയ്ക്ക് നൽകേണ്ടിവന്നു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 50 ശതമാനം വിഹിതം വഹിച്ച് ദേശീയപാത വിഭാഗമാണ് ബൈപാസ് പൂർത്തിയാക്കുന്നത്.
................................
'ബൈപാസിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ താമസം നേരിട്ടെങ്കിലും റെയിൽവേയുടെ ഭാഗത്ത് നിന്നു സാങ്കേതിക നൂലാമാലകൾ ഒഴിവാക്കാൻ സഹായകരമായ നടപടികൾ കൈക്കൊണ്ടതിന്
നന്ദിയുണ്ട്'
(മന്ത്രി ജി. സുധാകരൻ)