acci

കായംകുളം: യു.കെ.ജി വിദ്യാർത്ഥിയായ മൂത്ത മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ വീടിനു പുറത്തേക്കിറങ്ങിയ അമ്മ അറിയാതെ പിന്നാലെ വന്ന ഒന്നര‌ വയസുകാരൻ സമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കായംകുളത്തിന് പടിഞ്ഞാറ് കീരിക്കാട് ജെട്ടി ചാച്ചിപനയിൽ ഷൈൻ ആർ. പിള്ള - ശ്രുതി ദമ്പതികളുടെ മകൻ ധ്യാൻ (കേശു) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം.

മൂത്തകുട്ടി ധ്രുവതിനെ കൂട്ടി റോഡിലേക്കു പോയതായിരുന്നു ശ്രുതി. ഈ സമയം വീടിന് പുറത്തിറങ്ങിയ ധ്യാൻ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. മകനെ സ്കൂൾ ബസിൽ കയറ്റിവിട്ട് തിരികെ വരുമ്പോഴാണ് കേശു വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ശ്രുതി കണ്ടത്. അമ്മയും സമീപ വാസികളും ചേർന്ന് കരയ്ക്കെടുത്ത് ഉടനേ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഗ്രഫിൽ ജോലിയുള്ള പിതാവ് ഇന്ന് നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.