ആലപ്പുഴ : വിവിധയിനം ചക്കവിഭവങ്ങളുടെ രുചിവിരുന്നൊരുക്കി പത്തു നാൾ നീണ്ടുനിൽക്കുന്ന ചക്കമഹോത്സവത്തിന് തുടക്കമായി. ചക്കകൊണ്ടുള്ള അവിയലും പുഴുക്കും തോരനും അച്ചാറും പ്രഥമനും ഉൾപ്പെടെ 16 കൂട്ടം വിഭവങ്ങൾ ഉൾപ്പെടുന്ന ചക്കസദ്യയാണ് മേളയിലെ പ്രധാന ആകർഷകം. ഐശ്വര്യ ആഡിറ്റോറിയത്തിലെ വിവിധ സ്റ്റാളുകളിൽ ചക്കഉള്ളിവട, ചക്കവട, ചക്കചില്ലി, ചക്ക ഐസ്ക്രീം, ചക്കപ്പഴപ്പൊടി, അവലോസുപൊടി, ചക്ക ഹൽവ. ജാം, ചിപ്പ്സ് തുടങ്ങി 200ലധികം വിഭവങ്ങളാണ് മേളയിലുള്ളത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദർശനവും വിൽപ്പനയുമുണ്ട്. 300രൂപ മുതൽ 900രൂപ വരെ വിലവരുന്ന പല ഇനത്തിൽപ്പെട്ട പ്ളാവിൻ തൈകളും വില്പനക്കുണ്ട്.രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനം. ഉച്ചക്ക് ഒന്നു മുതൽ 2.30വരെയാണ് ചക്കസദ്യ.

സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ), ഇപാക് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച മേള നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സിസ ജനറൽ സെക്രട്ടറി ഡോ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർകോയാപറമ്പിൽ, മുല്ലയ്ക്കൽ വാർഡ് കൗൺസിലർ റാണി രാമകൃഷ്ണൻ, ഡോ. വിഷ്ണുനാരായണൻ നമ്പൂതിരി, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ, സിസ സെക്രട്ടറി കെ.കെ.സത്യൻ തുടങ്ങിയവർ സംസാരിച്ചു.