അമ്പലപ്പുഴ: അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ കരുമാടി മുക്കയിൽ പാടം, ഉപ്പുങ്കൽ പാടം, അമ്പലപ്പുഴ വടക്ക് പനച്ചിത്ര, തകഴി പാടശേഖരങ്ങളിൽ മഴ മൂലം വീണുപോയ നെൽച്ചെടികൾ കൊയ്തെടുക്കാനാവാതെ കർഷകർ വലയുന്നു.
കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനാവാത്ത അവസ്ഥയാണ്. നെല്ല് വില കിലോയ്ക്ക് 26.95 രൂപയാക്കിയ ശേഷമുള്ള ആദ്യ കൃഷിയായിരുന്നു ഇത്. ജില്ലയിൽ 10,444 ഹെക്ടറിലാണ് രണ്ടാംകൃഷി നടത്തിയത്. വരും ദിവസങ്ങളിലും മഴശക്തമാകുമെന്ന മുന്നറിയിപ്പ് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പാടശേഖരങ്ങളിൽ വീണ് കിടക്കുന്ന നെൽച്ചെടികളിൽ പലതിനും കതിരു കുറവാണ്. നെല്ല് കിളിർത്ത് തുടങ്ങി. ചിലയിടങ്ങളിൽ ചീഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഏക്കറിൽ 30,000 രൂപ മുടക്കിയാണ് പല കർഷകരും കൃഷി ഇറക്കിയത്. ഏക്കറിന് 30 കിന്റൽ നെല്ല് വരെ പ്രതീക്ഷിച്ചിരുന്നു. കൃഷിനാശമുണ്ടായവർക്ക് അടിയന്തര ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.