തുറവൂർ: ലക്ഷങ്ങൾ മുടക്കി കുഴികളടയ്ക്കും. എന്നാൽ അധികം വൈകാതെ ചെറിയ മഴയ്ക്കു തന്നെ വീണ്ടും പ്രത്യക്ഷപ്പെടും കുഴികൾ. മാതൃകാ സുരക്ഷാ ഇടനാഴിയായ അരൂർ - ഒറ്റപ്പുന്ന ദേശീയ പാതയിലാണ് ഈ പരിപാടി. ദേശീയ പാതയിൽ നൂറ് കണക്കിന് ചെറുതും വലുതുമായ കുഴികളാണ് ഇപ്പോഴുമുള്ളത്.
റോഡ് പുനർനിർമ്മാണം വൈകുന്നതാണ് കാരണം. മാതൃകാ സുരക്ഷാ ഇടനാഴിയായ അരൂർ - ഒറ്റപ്പുന്ന ദേശീയ പാതയിൽ നൂറ് കണക്കിന് ചെറുതും വലുതുമായ കുഴികളാണ് ഇപ്പോഴുമുള്ളത്. 23 കിലോമീറ്റർ ദൈർഘ്യമേറി പാതയിൽ വർഷങ്ങളായി പല തവണയായി കുഴികളടക്കാൻ ദേശീയപാത അധികൃതർ കോടികൾ ചെലവഴിച്ചതായാണ് കണക്ക്. ദേശീയപാതയിലെ തിരക്കേറിയ സിഗ്നൽ ജംഗ്ഷനുകളിലൊന്നായ തുറവൂരിൽ താലൂക്ക് ആശുപത്രിക്ക് മുന്നിലെ വൻ ഗർത്തം യാത്രക്കാരുടെ പേടിസ്വപ്നമായി മാറി. ആഴമേറിയ കുഴിയിൽ വിണ് ഇരുചക്ര വാഹന യാത്രക്കാരടക്കം അപകടത്തിൽ പ്പെടുന്നത് നിത്യസംഭവമായി. പല തവണ കുഴിയടച്ച ഇവിടെ തുറവുർ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസങ്ങൾക്ക് മുൻപാണ് അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. വെളളം കെട്ടി നിൽക്കുന്ന കുഴികളിൽ വീണ് യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കുകയും വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും നിയന്ത്രണം തെറ്റി മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടത്തിൽ പെടുന്നതും നാൾക്കുനാൾ വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.. അiറ്റകുറ്റപ്പണിയിലെ അപാകതയാണ് വേഗത്തിൽ റോഡ് തകരുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ഈ ഭാഗത്ത് റോഡിന് നടുവിൽ മഴ സമയത്ത് വെള്ളക്കെട്ടാണ്. യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്ന താലൂക്കാശുപത്രിക്ക് മുന്നിലെ കുഴിക്ക് മുന്നിൽ നാട്ടുകാർ വീണ്ടും അപകട സൂചനാ ബോർഡും ചുവപ്പ് കൊടിയും സ്ഥാപിച്ചിരിക്കുകയാണ്. ദേശീയപാത പൂർണമായി ടാറിംഗ് നടത്തിയാൽ പ്രശ്നത്തിന് പരിഹാരമാകും. അഞ്ചു വർഷം മുൻപാണ് ദേശീയ പാത അവസാനമായി ടാറിംഗ് ചെയ്തത്. ആറ് മാസങ്ങൾക്കു മുൻപ് 41.77 കോടി രൂപ റോഡ് ടാറിംഗിന് ഫണ്ട് അനുവദിച്ചുവെങ്കിലും തുടർനടപടികളുടെ കാര്യത്തിൽ ദേശീയപാത അധികൃതർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
അരൂർ - ഒറ്റപ്പുന്ന ദേശീയ പാതയുടെ ദൈർഘ്യം
23 കിലോമീറ്റർ
41.77
ആറ് മാസങ്ങൾക്കു മുൻപ് റോഡ് ടാറിംഗിന് അനുവദിച്ച ഫണ്ട്
41.77 കോടി രൂപ
" കരാർ സംബന്ധിച്ച് അവസാന നടപടികൾ പൂർത്തിയായി. ദേശീയപാത ടാറിംങ് ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. മില്ലിംഗ് ആൻഡ് റീസൈക്കിളിംഗ് രീതിയിലാണ് ടാറിംഗ് നടത്തുന്നത്.
എൻ.എസ്. ജയകുമാർ,
അസി.എൻജിനീയർ, ദേശീയപാത വിഭാഗം പട്ടണക്കാട് ഡിവിഷൻ