മാസ്റ്റർ പ്ളാനിന് ആർക്കിടെക്ടിനെ നിയമിക്കും
ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ നഗരസഭ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാനായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ ആർക്കിടെക്ടിനെ നിയമിക്കും. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ നേടിയെടുത്ത് ശേഷിക്കുന്ന പണി നടത്തണമെന്ന് എൽ.ഡി.എഫ് അംഗം പ്രേംകുമാർ ആവശ്യപ്പെട്ടു. നേരത്തെ തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ പ്രകാരം ശേഷിക്കുന്ന നിർമ്മാണം നടത്തണമെന്നും പ്രേംകുമാർ നിർദേശിച്ചു. എന്നാൽ ആദ്യത്തെ മാസ്റ്റർപ്ളാനിൽ സുരക്ഷാ ഉദ്യോഗസ്ഥർ പോലും എതിപ്പ് പ്രകടിപ്പിച്ചതായി യു.ഡി.എഫ് അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാനുമായ അഡ്വ. ജി. മനോജ് കുമാർ പറഞ്ഞു. ആയിരക്കണക്കിന് കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ തീപിടിത്തം പോലെയുള്ള അപകടം ഉണ്ടായാൽ രക്ഷപ്പെടാൻ ആവശ്യമായ വഴിയില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചുണ്ടിക്കാട്ടിയത്. പുതിയ പ്ളാനിൽ ഇത്തരം കുറവുകൾ പരിഹരിച്ച് നിർമ്മാണം നടത്തണം. രണ്ട് വർഷം കൊണ്ട് നഗരസഭയുടെ പ്ളാൻഫണ്ടിൽ നിന്നു തുക മാറ്റിവച്ച് നിർമ്മാണം പൂർത്തീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
അപ്രതീക്ഷിത മഴയിൽ നഗരം മുങ്ങിയപ്പോൾ ചെയർമാൻ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. എൽ.ഡി.എഫ് ഭരണകാലത്ത് നിലവിലുള്ള തോടിന്റെ വീതിയും ആഴവും കുറച്ച് അശാസ്ത്രീയമായി കാന നിർമ്മിച്ചതാണ് വെള്ളപ്പൊക്കത്തിൽ രണ്ട് വാർഡുകൾ മുങ്ങാൻ ഇടയാക്കിയതെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ പറഞ്ഞു. അന്ന് ചില കൗൺസിൽ അംഗങ്ങൾ സമീപത്തെ വ്യാപാരികളിൽ നിന്നും വസ്തു ഉടമകളിൽ നിന്നും കോഴവാങ്ങിയതായും ബഷീർ ആരോപിച്ചു. സ്വതന്ത്ര കൗൺസിലർ മെഹബൂബും ബഷീറും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റവുമുണ്ടായി.
മുൻ നഗരസഭാ കൗൺസിലർ സി.എസ്. രാജീവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ചെയർമാന്റെ ആദ്യയോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ടാണ് അംഗങ്ങൾ വിഷയാവതരണം നടത്തിയത്. എ.എ.റസാക്ക്, എ.എം.നസീർ, ജോഷിരാജ്, വിജയകുമാർ, ബാബു, ലത. ജോസ് ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു.
.................................
'വെള്ളപ്പൊക്ക സമയത്ത് മുഴവൻ വാർഡുകളിലു പോയി. രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അന്ന് വൈകിട്ട് സർവകക്ഷി യോഗം വിളിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ ആരോപണം രാഷ്ട്രീയമായി മാത്രമേ കാണുന്നുള്ളൂ'
(ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ)