ചേർത്തല : ചേർത്തല ജോയിന്റ് ആർ.ടി.ഒാഫീസിനെതിരെ വ്യാപക പരാതി ഉയർന്നതോടെ സമരവുമായി വിവിധ സംഘടനകളും രംഗത്തെത്തി. ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് കാരണം ഇവിടെ ഓഫീസ് പ്രവർത്തനം താളം തെറ്റിയനിലയിലാണ്.
ഏജന്റുമാരെ ഒഴിവാക്കി നേരിട്ട് ഓഫീസിൽ അപേക്ഷ നൽകുന്നവരെ ഉദ്യോഗസ്ഥർ വട്ടംകറക്കുകയാണെന്ന് ആക്ഷപമുണ്ട്. ഉദ്യോഗസ്ഥരുടെ ചുവടുപിടിച്ച് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ഏജന്റുമാരും ചേരിതിരിഞ്ഞതോടെ ഓഫീസിലും ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നിടത്തും തർക്കവും പ്രതിഷേധവും നിത്യസംഭവമായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ നിരന്തരം പ്രതിഷേധസമരങ്ങളും നടക്കുന്നുണ്ട്.
ഇഷ്ടമില്ലാത്ത ഡ്രൈവിംഗ് സ്‌കൂളുകൾ വഴിയെത്തുന്നവരെ ഡ്രൈവിംഗ് ടെസ്റ്റിൽ തോല്പിക്കുന്നുവെന്നടക്കം പരാതി ഉയരുന്നു. ഇതിൽ പ്രതിഷേധ സൂചകമായി ഒരു ദിവസം ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ടെസ്റ്റിൽ നിന്ന് വിട്ടു നിന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു എം.വി.ഐയെ ഓഫീസിനുള്ളിൽ വച്ച് ഏജന്റ് മർദ്ദിച്ചു. തുടർന്ന് ഉദ്യോഗസ്ഥനും ഏജന്റും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പടി കൃത്യമായെത്തും !
ബുധനാഴ്ച ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലുമാണ് ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് .ദിവസേന 60 പേർക്കാണ് അവസരം.ടൂ വിലറിന് 300 രൂപയും ഫോർ വീലറിന് 400 രൂപയുമാണ് ഉദ്യോഗസ്ഥർക്ക് പടിയെന്ന് പറയപ്പെടുന്നു. ടെസ്റ്റിൽ അപേക്ഷകരുടെ എണ്ണം കുറയാതിരിക്കാൻ നിശ്ചിത ശതമാനം പേരെ തോൽപ്പിച്ച് മറ്റൊരവസരം നൽകുകയാണെന്നും ആരോപണമുയരുന്നു.രണ്ടാമതും ടെസ്റ്റിന് ഹാജരായാൽ വീണ്ടും പഴയ തുക തന്നെ പടിയായി കൊടുക്കണമെന്ന് പറയപ്പെടുന്നു.വെള്ളിയാഴ്ചയാണ് ഹെവി മോട്ടോർ ലൈസൻസ് ടെസ്റ്റ് .ഇതിന് പടി കൂടുതലാണ് 1000 രൂപ.ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള തുക ഇടനിലക്കാർ വഴിയാണ് കൈമാറുന്നത്.
'ഓഫീസിൽ എത്തുന്നവർക്ക് മാന്യമായ സേവനം ഉറപ്പുവരുത്തുന്നുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.
സ്വാർത്ഥ താത്പര്യക്കാരാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ
കെ.ഹരികൃഷ്ണൻ, ജോയിന്റ് ആർ.ടി.ഒ