
മാന്നാർ: പണ്ടേ ദുർബല, പിന്നെ ഗർഭിണി. കാരാഴ്മ-പല്ലാട്ടുശേരിൽ റോഡിന്റെ അവസ്ഥ ഇതാണ്. ഏറെ നാളായി തകർന്നുകിടക്കുകയാണ് റോഡ്. കഴിഞ്ഞ ദിവസം പെയ്ത മഴ വെള്ളം കൂടിയായതോടെ പറയേണ്ട റോഡിന്റെ സ്ഥിതി.
അമ്പതിൽപരം കുരുന്നുകൾ പഠിക്കുന്ന പുത്തൻകുളങ്ങര ഗവ.എൽ.പി.എസ്, അംഗൻവാടി, വായനശാലാ, കുടുംബക്ഷേമ ഉപകേന്ദ്രം, ഗോസംവർദ്ധന കേന്ദ്രം, നിരവധി ചെറുകിട സ്ഥാപനങ്ങൾ, നൂറിൽപരം സ്കൂൾ വിദ്യാർത്ഥികൾ പഠിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയങ്ങളായ പുന്നമൂട്ടിൽ ക്ഷേത്രം, പുളിവേലിൽ ക്ഷേത്രം, കുളഞ്ഞിക്കാരാഴ്മ ചാപ്പൽ അടക്കം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പ്രധാന ഗ്രാമപാതയാണ് ഈ ദുരവസ്ഥയിലുള്ളത്.
ചെന്നിത്തല, മാന്നാർ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കാരാഴ്മ-പല്ലാട്ടുശ്ശേരിൽ റോഡ് ഇരു പഞ്ചായത്തുകളിലെയും അഞ്ച് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. പ്രായക്കര മുതൽ വടക്കോട്ട് വരെയുള്ളവർക്ക് ചെങ്ങന്നൂരിലേക്ക് പോകാനും തിരിച്ച് എണ്ണയ്ക്കാട് മുതലുള്ളവർക്ക് മാവേലിക്കരയിലേക്കു പോകാനുമുള്ള ഹ്രസ്വദൂര പാതകൂടിയാണ് ഇത്. റോഡ് തകർച്ചയിലായതോടെ ഓട്ടോറിക്ഷ അടക്കമുള്ള ടാക്സി വാഹനങ്ങൾ പോലും ഇതുവഴി സവാരി നടത്താത്ത അവസ്ഥയുണ്ട്. ഇതുകാരണം റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരും കിടപ്പു രോഗികളുൾപ്പടെയുള്ളവർ ദുരിതത്തിലായിരിക്കുകയാണ്. മഴയിൽ റോഡിൽ വെള്ളം പൊങ്ങിയതോടെ കുരുന്നുകൾക്ക് റോഡിലൂടെ സ്കൂളിൽ പോകാൻ പോലും കഴിയുന്നില്ല.
..........
ചെന്നിത്തല, മാന്നാർ പഞ്ചായത്ത് അംഗങ്ങളോടും ചെന്നിത്തല ബ്ലോക്ക് ഡിവിഷൻ അംഗത്തോടും പരാതി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രതിനിധികളോടും ചെങ്ങന്നൂർ എം.എൽ.എയോടും റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് പറഞ്ഞ് മടുത്തു.
എന്നാൽ ഇവർ പലവിധ സാങ്കേതികത്വം പറഞ്ഞ് ഇരുട്ടിൽ തപ്പുന്നതല്ലാതെ ശാശ്വതമായ പരിഹാരം കാണാൻ നടപടി സ്വീകരിച്ചിട്ടില്ല.
നാട്ടുകാർ