a

മാന്നാർ: നോമ്പും പ്രാർത്ഥനയുമായി സഹനത്തിന്റെ ദൂരങ്ങൾ താണ്ടി വിശ്വാസ സഹസ്രങ്ങൾ പരുലയിലേക്ക് ഒഴുകിയെത്തി. ഇന്നലെ രാവിലെ മുതൽ എത്തികൊണ്ടിരുന്ന തന്നെ ചെറുതും വലുതുമായ പദയാത്രാ സംഘങ്ങളാൽ വൈകുന്നേരത്തോടെ പരുമല ഗ്രാമം നിറഞ്ഞു.

രാവിലെ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന അർപ്പിച്ചു. ഉപവാസ പ്രാർത്ഥനയും മദ്ധ്യസ്ഥ പ്രാർത്ഥനയും സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഉച്ചനമസ്‌ക്കാരം, പരിശുദ്ധ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്ക് ശേഷം നടന്ന തീർത്ഥാടക സമാപന സമ്മേളനം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രി​സോസ്​റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. വൈകിട്ട് അഖണ്ഡ പ്രാർത്ഥന. കാതോലിക്കാ ബാവ, മെത്രാപ്പോലീത്താമാർ എന്നി​വരെ സന്ധ്യാ നമസ്‌ക്കാരത്തിനായി പള്ളിമേടയിൽ നിന്നും പള്ളിയിലേക്ക് ആനയിച്ചു. പെരുന്നാൾ നമസ്ക്കാരത്തിനും കൺവെൻഷൻ പ്രസംഗത്തിനും ശേഷം കാതോലിക്കാ ബാവ ശ്ലൈഹീക വാഴ്‌വ് നൽകി. രാത്രി നടന്ന ഭക്തിനിർഭരമായ റാസയിൽ മുത്തുക്കുടകളും കത്തിച്ച മെഴുകുതിരികളും ഏന്തി നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഇന്ന് പുലർച്ചെ 3നും 6.15നും വിശുദ്ധ കുർബാന, 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന,11.30ന് നേർച്ച സദ്യ, 12ന് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർത്ഥി പ്രസ്ഥാനം സമ്മേളനം, 2ന് റാസ, ധൂപപ്രാർത്ഥന, ആശിർവാദം പെരുന്നാൾ കൊടിയിറക്കം.