മാവേലിക്കര: തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കായംകുളം ദേശത്തിനകം സ്വദേശി അപ്പുണ്ണി (35) മാവേലിക്കര സബ് ജയിലിനു സമീപത്തുനിന്ന് പൊലീസിനെ വെട്ടിച്ചു കടന്നു.

ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ നടന്ന ഒരു വധശ്രമക്കേസിൽ പ്രതിയായ ഇയാളെ ഈ കേസുമായി ബന്ധപ്പെട്ട ഹിയറിംഗിനായി ആലപ്പുഴ കോടതിയിൽ ഹാജരാക്കാൻ മാവേലിക്കര സബ് ജയിലിൽ പാർപ്പിക്കാനായി എത്തിച്ചതായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.40ന് കോടതിക്കു സമീപമുള്ള ഹോട്ടലിൽ രണ്ടു പൊലീസുകാർക്കൊപ്പം ഭക്ഷണം കഴിച്ചശേഷം കൈകഴുകുന്നതിനിടെ ഇവരെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ മാവേലിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.