ആലപ്പുഴ: പൂങ്കാവിലും കലവൂരിലുമായി ഇന്നലെ വൈകിട്ടു നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ബൈക്കിലെത്തിയവർ വീട്ടമ്മമാരുടെ സ്വർണ്ണമാല കവർന്നു.
മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് മറ്റത്തിൽ വെളിയിൽ രതീഷിന്റെ ഭാര്യ അഞ്ജുവിന്റെ (23) രണ്ടരപവൻ മാലയും ആര്യാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ എം.രത്‌നകുമാറിന്റെ മകൾ ചിത്രകലയുടെ (34) അഞ്ചു പവൻ മാലയുമാണ് കവർന്നത്. വലിയകലവൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അഞ്ജു. പിന്നാലെ ബൈക്കിലെത്തിയവരാണ് മാല കവർന്നതെന്ന് അഞ്ജു മണ്ണഞ്ചേരി പൊലീസിന് മൊഴി നൽകി. പൂങ്കാവ് ജംഗ്ഷന് വടക്ക് ഭാഗത്ത് ദേശീയപാതയിലൂടെ നടന്ന് ഇടറോഡിലേക്ക് കടന്നപ്പോൾ എതിരെ ബൈക്കിൽ വന്നയാളാണ് മാല അപഹരിച്ചതെന്ന് ചിത്രകല നോർത്ത് പൊലീസിന് മൊഴി നൽകി. ഒരേ സംഘത്തിൽപ്പെട്ടവരാണ് കവർച്ചയ്ക്കു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.