കറ്റാനം : കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ. മഞ്ഞാടിത്തറ കിഴക്കേവീട്ടിൽ പരേതനായ രാജന്റെ ഭാര്യ മറിയാമ്മ രാജന്റെ (92) സംസ്‌കാരമാണ് തടഞ്ഞത്.
തിങ്കളാഴ്‌ച മരിച്ച മറിയാമ്മ രാജന്റെ മൃതദേഹം മോർച്ചറിയിലായിരുന്നു. പള്ളിയിൽ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, ആർ.ഡി.ഒ എന്നിവരുമായി യാക്കോബായ വിഭാഗം ചർച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കളക്ടറുമായി നടന്ന ചർച്ചയെ തുടർന്നാണ് ഇന്നലെ വൈകിട്ട് മൂന്നോടെ മൃതദേഹം കട്ടച്ചിറ പള്ളിയിൽ കൊണ്ടു വന്നത്. ഇതിനിടെ പള്ളിക്ക് 100 മീറ്റർ അകലെ പൊലീസും റവന്യൂ അധികാരികളും ചേർന്ന് ബന്ധുക്കളെ തടഞ്ഞു. തുടർന്ന് യാക്കോബായ വിശ്വാസികൾ മൃതദേഹവുമായി ഒരു മണിക്കൂറിലേറെ റോഡിൽ പ്രതിഷേധിച്ചു. ആർ.ഡി.ഒ ഉഷാകുമാരി, ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര എന്നിവരുടെ നേതൃത്വത്തിൽ 300 പേരടങ്ങിയ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
പിന്നീട് മൃതദേഹം തരിച്ച് വീട്ടിൽ എത്തിച്ചു. ഭർത്താവിന്റെ കല്ലറയിൽ സംസ്‌കരിക്കുന്നതുവരെ മറിയാമ്മയുടെ മൃതദേഹം വീടിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പേടകത്തിൽ സൂക്ഷിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ചർച്ചയുടെ അടിസ്ഥാനത്തിൽ മൃതദേഹം സംസ്കരിക്കാൻ എത്തിയ തങ്ങളെ ജില്ലാ കളക്ടറും റവന്യൂ അധികാരികളും ചേർന്ന് ചതിക്കുകയായിരുന്നെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. വരും ദിവസങ്ങളിൽ പള്ളിക്കു മുന്നിൽ സമര പരിപാടികളും സെക്രട്ടേറിയറ്റിന് മുന്നിൽ ഉപരോധവും സംഘടിപ്പിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.
നീതി ലംഘനം: യാക്കോബായ സഭ.
കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കുന്നത് ജില്ലാഭരണകൂടം തടഞ്ഞത് നഗ്നമായ നീതിലംഘനമാണെന്ന് യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ്, തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.