പാലത്തടം വി വി എച്ച് എസ് എസ് റോഡിൽ 8 കാമറകൾ
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് പേരൂർക്കാരാഴ്മ നാലാം വാർഡിലെ പാലത്തടം -വി.വി.എച്ച്.എസ്.എസ് റോഡിൽ ജനകീയ പങ്കാളിത്തത്തോടെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു.
ഗ്രാമത്തെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടാണ് വൻതോതിൽ മാലിന്യ നിക്ഷേപം നടന്നിരുന്ന ഈ റോഡ് വൃത്തിയാക്കിയ ശേഷം കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് ദൂരെ നിന്നും വാഹനങ്ങളിൽ മാലിന്യം തള്ളി പോകുന്നത് പതിവായിരുന്നു. തുടർച്ചയായ പരാതിയെ തുടർന്ന് വാർഡ് മെമ്പർ ഫിലിപ്പ് ഉമ്മന്റെ നേതൃത്വത്തിൽ റോഡും പരിസരവും വൃത്തിയാക്കി. ജനകീയ പങ്കാളിത്തത്തോടെ 75000 രൂപ ചെലവഴിച്ചാണ് എട്ട് കാമറകൾ സ്ഥാപിച്ചത്.
കാമറകളുടെ സ്വിച്ച് ഓൺ കർമ്മം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷത വഹിച്ചു. രജനി ജയദേവ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.വിമലൻ, വാർഡ് മെമ്പർ ഫിലിപ്പ് ഉമ്മൻ, ഡി.സജീവ്, വി.രാജു, ലൈല, ബിജി സുഗതൻ, അഞ്ജന ദീപ്തി, കെ.രാജൻപിള്ള, ജി.വാസവൻ, എം.എസ്.സലാമത്ത്, അബ്ദുൽ റഹ്മാൻ, പ്രശാന്ത്, വി.യു.ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.