a

മാന്നാർ: ഭക്തിനിർഭരമായ റാസയോടും ആശിർവാദത്തോടും കൂടി പരുമല പെരുന്നാളിന് കൊടിയിറങ്ങി. കബറിങ്കലിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം മുത്തുക്കുടകളും കത്തിച്ച മെഴുകുതിരിയും ഏന്തി വിശ്വാസികൾ നീങ്ങി. തടി കുരിശ്, പരുമല കുരിശ് എന്നിവ കൂടാതെ 40ഓളം വിവിധ ലോഹകുരിശുകളും തലയിലേന്തിയവർക്ക് പിന്നിലായി വൈദികരും അണിനിരന്നു. സന്താപമേ സന്താപമേ എന്നും തീരാതെ കണ്ടുള്ള സന്താപമേ... എന്നുള്ള ഗീതം ആലപിച്ചാണ് വിശ്വാസികൾ റാസയിൽ പങ്കെടുത്തത്. റാസ പളളിക്ക് പടിഞ്ഞാറുവശത്തുള്ള നദിക്കരയിലെ കുരിശടിയിൽ എത്തി ധൂപ പ്രാർത്ഥന നടത്തിയ ശേഷം പ്രധാന റോഡിലൂടെ പള്ളിക്ക് വടക്ക് വശത്തുള്ള കൽകുരിശടിയിൽ എത്തി ധൂപ പ്രാർത്ഥന നടത്തി. തുടർന്ന് പള്ളിയുടെ പ്രധാന കവാടത്തിലൂടെ എത്തി കബറിങ്കലിൽ ധൂപപ്രാർത്ഥന നടത്തിയശേഷം പള്ളിക്ക് വലം വച്ച് പള്ളിയിൽ പ്രവേശിച്ചു. ആശിർവാദത്തോടെ പെരുന്നാളിന് കൊടിയിറങ്ങി.

പെരുന്നാളിന്റെ സമാപന ദിനമായിരുന്ന ഇന്നലെ പുലർച്ചെ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താമാരുടെ മുഖ്യകാർമ്മികത്വത്തിൽ പള്ളിയിലും ചാപ്പലിലും വിശുദ്ധ കുർബാന നടന്നു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വിശുദ്ധ മൂന്നിൻമേൽ കുർബാന അർപ്പിച്ചു. തുടർന്ന് പള്ളിക്ക് മുകളിൽ പ്രത്യേകം തയ്യാറാക്കിയ മട്ടുപ്പാവിൽ നിന്ന് കാതോലിക്കാ ബാവ ശ്ലൈഹിക വാഴ്‌വ് നൽകി. തുടർന്ന് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർത്ഥി പ്രസ്ഥാനം സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോൻ മാർ ക്രിസോസ്​റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി.